kozhikode local

ബിജെപി ജയിച്ചത് കോണ്‍ഗ്രസ് വോട്ടില്‍

കോഴിക്കോട്: ജില്ലയില്‍ കോര്‍പറേഷനിലും നഗരസഭകളിലുമുള്‍പ്പെടെ ബിജെപി ചരിത്രവിജയം നേടിയത് കോണ്‍ഗ്രസ് സഹായത്തോടെയെന്ന് ആരോപണം. കോര്‍പറേഷനിലെ എഴുപത്തഞ്ച് സീറ്റുകളില്‍ ഏഴെണ്ണം നേടി വന്‍ മുന്നേറ്റം നടത്തിയ പാര്‍ട്ടി ഫറോക്കില്‍ അകൗണ്ട് തുറന്നതും വടകരയില്‍ ജയിച്ചു കയറിയതും കോണ്‍ഗ്രസ് സഹായത്തോടെയാണെന്നാണ് കണക്കുകള്‍ നല്‍കുന്ന വിവരം. സാധാരണ കോലിബി സഖ്യം കൊണ്ട് ബിജെപിക്ക് തിരിച്ചടിയാണുണ്ടാവാറുള്ളതെങ്കിലും ഇത്തവണ അവിശുദ്ധ കൂട്ടുകെട്ടിന്റെ നേട്ടം മുഴുവന്‍ ബിജെപിക്കായിരുന്നു.
ഒരിടത്ത് കോണ്‍ഗ്രസ്സും ഗുണഫലം അനുഭവിച്ചു. മീഞ്ചന്ത, ബേപ്പൂര്‍, ബേപ്പൂര്‍ പോര്‍ട്ട്, സിവില്‍ സ്‌റ്റേഷന്‍, കാരപ്പറമ്പ്, മാറാട്, ചേവരമ്പലം എന്നിവയാണ് ബിജെപി വിജയിച്ച വാര്‍ഡുകള്‍. മീഞ്ചന്ത, സിവില്‍ സ്‌റ്റേഷന്‍, കാരപ്പറമ്പ് വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്ന് പിടിച്ചടക്കിയപ്പോള്‍ ബേപ്പൂര്‍, ബേപ്പൂര്‍ പോര്‍ട്ട്, മാറാട്, ചേവരമ്പലം എന്നിവ എല്‍ഡിഎഫില്‍ നിന്നാണ് കൈയടക്കിയത്. ഇതില്‍ കോ ണ്‍ഗ്രസ്സിന്റെ സിറ്റിങ് സീറ്റായ സിവില്‍ സ്‌റ്റേഷനില്‍ പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
60 വോട്ടാണ് ഇവിടെ ബിജെപിയുടെ ഭൂരിപക്ഷം. യുഡിഎഫ് പരമ്പരാഗതമായി ജയിക്കുന്ന ഇവിടെ അവര്‍ക്ക് കഴിഞ്ഞ തവണയേക്കാള്‍ 674 വോട്ടിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. മീഞ്ചന്തയില്‍ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്താണെങ്കിലും കഴിഞ്ഞതവണത്തേക്കാള്‍ 302 വോട്ടിന്റെ കുറവുണ്ട്. ബിജെപി വിജയിച്ചു കൊണ്ടിരുന്ന വാര്‍ഡായിരുന്നെങ്കിലും 2010ല്‍ ഈ വാര്‍ഡ് കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. ഇവിടെ 318വോട്ടിനാണ് ബിജെപി ജയിച്ചത്. 388വോട്ടിന് ബിജെപി ജയിച്ച ചേവരമ്പലത്ത് യുഡിഎഫിന് 2010ലേക്കാള്‍ 379 വോട്ടുകള്‍ കുറഞ്ഞിട്ടുണ്ട്. ചക്കോരത്തുകുളത്തും പുതിയാപ്പയിലും എല്‍ഡിഎഫാണ് വിജയിച്ചതെങ്കിലും ഇവിടെ ബിജെപിക്ക് രണ്ടാം സ്ഥാനം നേടാനായിട്ടുണ്ട്.
ഇവിടെയും കഴിഞ്ഞതവണത്തെ അപേക്ഷിച്ച് യുഡിഎഫിന് വോട്ട് കുറവാണ്. തോട്ടത്തില്‍ രവീന്ദ്രന്‍ മല്‍സരിച്ച ചക്കോരത്തുകുളത്ത് 471ഉം പുതിയാപ്പയില്‍ 221ഉം വോട്ടുകളുടെ കുറവാണ് യുഡിഎഫിന് ഉണ്ടായിട്ടുള്ളത്. ബേപ്പൂര്‍ മേഖലയില്‍ കോ ണ്‍ഗ്രസ് വോട്ടുകളില്‍ ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞതവണ സിപിഎം വിജയിച്ച ഈ മേഖലയില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ വളരെ കൃത്യമായി ബിജെപി പാളയത്തിലേക്ക് ഒഴുകിയെന്നു വേണം കരുതാന്‍. ബിജെപി 26വോട്ടിന് വിജയിച്ച മാറാട് കഴിഞ്ഞതവണ യുഡിഎഫ് 1400വോട്ടാണ് നേടിയിരുന്നത്. എന്നാല്‍ ഇത്തവണ അത് 566വോട്ടായി കുറഞ്ഞു.
834വോട്ടുകളാണ് ഇവിടെ ചോര്‍ന്നത്.എന്നാല്‍ കോണ്‍ഗ്രസ്സിലെ സുധാമണി 457 വോട്ടിന് സിപിഎം നേതാവ് കാനങ്ങോട്ട് ഹരിദാസിനെ പരാജയപ്പെടുത്തിയ കല്ലായിയില്‍ ബിജെപിയുടെ വോട്ടില്‍ വന്‍ ഇടിവാണ് ഉണ്ടായിട്ടുള്ളത്. 588വോട്ട് ലഭിച്ചിരുന്ന ഇവിടെ ഇത്തവണ 172 വോട്ടേ ബിജെപിക്കുള്ളു.വടകരയില്‍ ബിജെപി ജയിച്ച രണ്ട് വാര്‍ഡുകളിലും കോണ്‍ഗ്രസ്സിന്റെ വോട്ടില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഫറോക്ക് പഞ്ചായത്തില്‍ ബിജെപി ജയിച്ചിടത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ആകെ നേടിയത് 18 വോട്ടുകളാണ്.
Next Story

RELATED STORIES

Share it