ബിജെപി ആക്രമണത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

തൃശൂര്‍: പൊക്കുളങ്ങരയില്‍ ബിജെപി പ്രവര്‍ത്തകരുടെ വെട്ടേറ്റ് ഗുരുതരവാസ്ഥയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. ചെമ്പന്‍വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ ശശികുമാര്‍ (43) ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്നിനായിരുന്നു മരണം. സംസ്‌കാരം പൊക്കുളങ്ങരയിലെ കടപ്പുറത്തെ വീട്ടില്‍ നടത്തി. ശശികുമാറിന്റെ മരണത്തെ തുടര്‍ന്ന് നാട്ടിക നിയോജകമണ്ഡലത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ഹര്‍ത്താല്‍ നടത്തി. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് ആറുവരെ ചേറ്റുവ മുതല്‍ ചെന്ത്രാപ്പിന്നി വരെയുള്ള മേഖലയിലായിരുന്നു ഹര്‍ത്താല്‍.
ഭവാനിയാണ് മരിച്ച ശശികുമാറിന്റെ മാതാവ്. ഭാര്യ: അംബികസുനി. മക്കള്‍: അഞ്ജന, തേജശ്രീ. ടെംപോഡ്രൈവറായിരുന്നു ശശികുമാര്‍. ശശികുമാറിനെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ബിജെപി പ്രവര്‍ത്തകരായ ആറു പേരെ പോലിസ് അറസ്റ്റുചെയ്തിരുന്നു. പൊലിസ് കാവലില്‍ മറ്റൊരാള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ബിജെപി പ്രവര്‍ത്തകരായ ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര പാലത്തിനു സമീപം പണിക്കശേരി ബിനീഷ് (36), പൊക്കുളങ്ങര കടപ്പുറം സ്വദേശികളായ ചുള്ളിയില്‍ ഷജില്‍ (കുഞ്ഞുണ്ണി-38), ചുള്ളിയില്‍ ബാബു (ബാബുട്ടി-46), ചുള്ളിയില്‍ ബിജു (37), കൊട്ടുക്കല്‍ കടവില്‍ കൃഷ്ണദാസ് (22), പൊക്കുളങ്ങര പടിഞ്ഞാറ് വെണ്ണാരത്തില്‍ സുദര്‍ശനന്‍ (48) എന്നിവരെയാണു വലപ്പാട് സിഐ ആര്‍ രതീഷ്‌കുമാര്‍, വാടാനപ്പള്ളി എസ്‌ഐ അഭിലാഷ്‌കുമാര്‍ എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്.
സംഭവത്തിനിടയില്‍ ശശികുമാറിന്റെ ബൈക്കിടിച്ചു പരിക്കേറ്റ കേസിലെ മറ്റൊരു പ്രതിയായ പൊക്കുളങ്ങര കടപ്പുറം ചുള്ളിയില്‍ ഗിരീഷ്(41) പോലിസ് കാവലില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ ആക്രമിക്കാനുപയോഗിച്ച വാള്‍, ഇരുമ്പ് പൈപ്പുകള്‍, ആക്രമണത്തിനെത്തിയ വാഹനം എന്നിവ പോലിസ് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു.
Next Story

RELATED STORIES

Share it