ബിജെപി അക്കൗണ്ട് തുറന്നാല്‍ മതനിരപേക്ഷത തകരും: ആന്റണി

തിരുവനന്തപുരം: ബിജെപി അക്കൗണ്ട് തുറന്നാല്‍ കേരളത്തിന്റെ മതനിരപേക്ഷത തകരുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവും മുതിര്‍ന്ന നേതാവുമായ എ കെ ആന്റണി. പത്രപ്രവര്‍ത്തക യൂനിയന്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സാന്നിധ്യമില്ലാത്ത നിയമസഭയാണ് ലക്ഷ്യം. ബിജെപി കോണ്‍ഗ്രസ്സിന്റെ മുഖ്യ എതിരാളിയാണ്. എന്നാല്‍, ഭരണത്തിനായുള്ള മല്‍സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു. ഒ രാജഗോപാല്‍ മല്‍സരിക്കുന്ന നേമം മണ്ഡലം ഉള്‍പ്പെടെ ഒരിടത്തും ബിജെപി വിജയിക്കില്ലെന്നും ആന്റണി പറഞ്ഞു.
വര്‍ഗീയ ശക്തിയുമായി കൂട്ടുകൂടുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. 10 വോട്ട് കൂടുതല്‍ നേടാനാണ് സിപിഎം അത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നത്. സിപിഎമ്മിന്റെ വികസന നയം 25 വര്‍ഷം പിന്നിലാണ്. അഴിമതിയും ആരോപണവും രണ്ടും രണ്ടാണ്. അഴിമതി ആരോപണം ഉന്നയിക്കുന്നതില്‍ സിപിഎം വിദഗ്ധരാണ്. ഇരുമുന്നണികളും ഇപ്പോള്‍ ഒപ്പത്തിനൊപ്പമാണെന്നും ആന്റണി പറഞ്ഞു.
സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ പിണങ്ങി നില്‍ക്കുന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവണമെന്നു എ കെ ആന്റണി ആവശ്യപ്പെട്ടു. ഈ നിയമസഭാ തിരഞ്ഞെടുപ്പ് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ജീവന്‍മരണ പോരാട്ടമാണ്. ഇനിയുള്ള ദിവസങ്ങളില്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ആന്റണി പറഞ്ഞു. ഇത് പിണങ്ങി മാറി നില്‍ക്കേണ്ട സമയമല്ല. ക്ഷമിക്കാനും വിട്ടുവീഴ്ചക്ക് തയ്യാറാവാനും എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാഴ്ചകള്‍ക്ക് മുമ്പ് കേരളത്തില്‍ എത്തിയപ്പോള്‍ ഇടതുമുന്നണിക്ക് നേരിയ മുന്‍തൂക്കം ഉള്ളതായാണ് തോന്നിയത്. എന്നാല്‍, ഇപ്പോള്‍ ആ സ്ഥിതി മാറി. യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമാണ്. എല്ലായ്‌പ്പോഴും അവസാന ലാപ്പിലാണ് യുഡിഎഫ് മുന്നിലെത്താറുള്ളത്. ഇത്തവണയും ഒറ്റക്കെട്ടായി ആഞ്ഞുപിടിച്ചാല്‍ യുഡിഎഫ് വിജയിക്കുമെന്നും ആന്റണി പറഞ്ഞു. ഒരു കാലത്ത് കമ്പ്യൂട്ടറിനെ തല്ലിത്തകര്‍ത്തവര്‍ ഇന്ന് കമ്പ്യൂട്ടറിന്റെയും സോഷ്യല്‍ മീഡിയയുടെയും ആരാധകരാണെന്നും ആന്റണി പറഞ്ഞു.
Next Story

RELATED STORIES

Share it