ബിജെപിയെ നേരിടാന്‍ കൂട്ടായ പരിശ്രമം വേണം: കെ എം അഷ്‌റഫ്

കോഴിക്കോട്: ബിജെപിയെ നേരിടേണ്ടത് എസ്ഡിപിഐയുടെ മാത്രം ചുമതലയല്ലെന്നും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍ പാര്‍ട്ടികളുടെയും കൂട്ടായ പരിശ്രമം അതിനു വേണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അസഹിഷ്ണുതയുടെ വക്താക്കളായ ബിജെപിയാണു പാര്‍ട്ടിയുടെ പ്രധാന എതിരാളി. അവരുടെ കടന്നുവരവ് ഒരു പ്രധാന പ്രശ്‌നമാണെങ്കിലും മറ്റനേകം പ്രശ്‌നങ്ങളും സംസ്ഥാനം നേരിടുന്നുണ്ട്. റബര്‍ കര്‍ഷകരുടെയും ആദിവാസികളുടെയും പ്രശ്‌നങ്ങളില്‍ ഇവിടുത്തെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ഇടപെടുന്നില്ല. ഗള്‍ഫ് പ്രതിസന്ധി സംസ്ഥാനത്തിനു ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ടെങ്കിലും മെട്രോയ്ക്കും മറ്റും പിന്നാലെ പോവുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ടാണ് എസ്ഡിപിഐ ജനകീയ ബദല്‍ അവതരിപ്പിക്കുന്നത്. തമിഴ്‌നാട്ടിലും ബംഗാളിലും പാര്‍ട്ടി മല്‍സരിക്കുമെന്നും തമിഴ്‌നാട്ടില്‍ ഡിഎംകെയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
വിലക്കയറ്റവും തൊഴിലില്ലായ്മയും മലയാളികളെ പ്രതിസന്ധിയിലാക്കിയപ്പോള്‍ ജനപക്ഷത്ത് നിലയുറപ്പിക്കാനോ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനോ ഭരണമുന്നണിക്കു സാധിച്ചിട്ടില്ല. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി സംസ്ഥാനം നേരിടുമ്പോഴും പുതിയ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. സര്‍ക്കാരിന്റെ തെറ്റായ നടപടികളെ തിരുത്തുന്നതിലും ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിലും പ്രതിപക്ഷത്തിന് വീഴ്ച്ച സംഭവിച്ചു.
ആറുവര്‍ഷംകൊണ്ട് എസ്ഡിപിഐ ആര്‍ജിച്ചെടുത്ത വളര്‍ച്ചയും ജനസ്വാധീനവും നല്‍കുന്ന ആത്മവിശ്വാസത്തോടെയാണ് എസ്ഡിപിഐ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it