ബിജെപിയെ തോല്‍പിക്കാന്‍ മറ്റു പാര്‍ട്ടികള്‍ യോജിക്കണമെന്ന് നിതീഷ് കുമാര്‍

ന്യൂഡല്‍ഹി: ബിജെപിയെ തോല്‍പ്പിക്കാന്‍ മറ്റു പാര്‍ട്ടികളുടെ ഐക്യം അനിവാര്യമാണെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ യുനൈറ്റഡ് നേതാവുമായ നിതീഷ് കുമാര്‍. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയിതര കക്ഷികള്‍ വെവ്വേറെ മല്‍സരിക്കുന്നത് ഫലം ചെയ്‌തേക്കില്ലെന്നും നിതീഷ് പറഞ്ഞു.
ജനാധിപത്യം അപകടത്തിലാണെന്ന് അഭിപ്രായപ്പെട്ട ബിഹാര്‍ മുഖ്യമന്ത്രി, മുമ്പ് ലോഹ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിതര പാര്‍ട്ടികളുടെ വേദി രൂപപ്പെട്ടതുപോലെ മുഴുവന്‍ പാര്‍ട്ടികളും ഇപ്പോള്‍ ബിജെപിക്കെതിരേ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തു.
ബിഹാര്‍ തലസ്ഥാനമായ പട്‌നയില്‍ നടന്ന ഒരു ചടങ്ങില്‍ ആര്‍എസ്എസിനെ കടന്നാക്രമച്ച നിതീഷ് മുമ്പ് കാവിക്കൊടി പറത്തിയവരാണ് ഇപ്പോള്‍ ത്രിവര്‍ണ പതാകയെക്കുറിച്ച് സംസാരിക്കുന്നതെന്ന് പറഞ്ഞു. ഭാരത് മാതാ കീ ജയ് മുദ്രാവാക്യവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ആവശ്യമില്ലാത്തതാണെന്ന് നിതീഷ് സൂചിപ്പിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ സംഘപരിവാറിന്റെ പങ്ക് എന്തായിരുന്നുവെന്നറിയാന്‍ തനിക്ക് താല്‍പര്യമുണ്ട്. ദേശീയതയെയും മുദ്രാവാക്യങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ അനാവശ്യമായി ഉയര്‍ത്തിക്കൊണ്ടുവരുകയാണവര്‍. നിതീഷ് പറഞ്ഞു. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ വാജ്‌പേയി, അഡ്വാനി, ജോഷി എന്നിവര്‍ അരികുവല്‍ക്കരിക്കപ്പെട്ടെന്നും മതേതരത്വത്തിലും സാമുദായിക സൗഹാര്‍ദ്ദത്തിലും ഒറു വിശ്വാസവും ഇല്ലാത്തവരിലേക്ക് അധികാരം എത്തപ്പെട്ടെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരില്ലെന്ന് നിതീഷ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. ബിഹാറില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയതിലൂടെ താന്‍ നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒരു വാഗ്ദാനം നിറവേറ്റിയതായി നിതീഷ് പറഞ്ഞു.
അതേസമയം, ആര്‍എസ്എസ് വിമുക്ത രാഷ്ട്രം വേണമെന്ന നിതീഷിന്റെ നിലപാടിനെ പിന്തുണച്ച കോണ്‍ഗ്രസ് പക്ഷേ, ഇതിനായി ദേശീയതലത്തില്‍ സഖ്യംആവശ്യമില്ലെന്ന് പ്രതികരിച്ചു. ജനങ്ങള്‍ മോദി സര്‍ക്കാരിനെ പുറത്താക്കുമെന്നും കോണ്‍ഗ്രസ് പ്രത്യാശ പ്രകടിപ്പിച്ചു. പ്രാദേശിക പാര്‍ട്ടികളുമായി സംസ്ഥാന തലത്തിലുള്ള സഖ്യമേ സാധ്യമാവുവെന്നും ദേശീയ തലത്തില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം അസാധ്യമാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഷക്കീല്‍ അഹ്മദ് പറഞ്ഞു.
Next Story

RELATED STORIES

Share it