kannur local

ബിജെപിയെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് ആന്റണിയുടെ പര്യടനം

കണ്ണൂര്‍: ബിജെപിയുടെ വര്‍ഗീയരാഷ്ട്രീയത്തെയും സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തെയും വിമര്‍ശിച്ച് എ കെ ആന്റണിയുടെ തിരഞ്ഞെടുപ്പ് പര്യടനം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇപ്പോഴും മതസൗഹര്‍ദ്ദത്തോടും ഐക്യത്തോടും ജീവിക്കുന്ന കേരളീയരില്‍ വര്‍ഗീയധ്രുവീകരണമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എ കെ ആന്റണി കണ്ണൂര്‍ പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ ആരോപിച്ചു.
ബീഫ്, ആചാരം, ഭാഷ തുടങ്ങിയവ ജനങ്ങള്‍ക്കിടയില്‍ തെറ്റായി പ്രചരിപ്പിച്ച് അനാവശ്യ സ്പര്‍ധയുണ്ടാക്കുകയാണ് ബിജെപി. ഭാഗ്യത്തിന് കേരളത്തിന്റെ മതേതരത്വത്തിന് ഇപ്പോഴും കോട്ടം തട്ടിയിട്ടില്ല. ഇതൊന്ന് കലക്കണം എന്ന ഉദ്ദേശം വച്ചാണ് ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ കേരളത്തില്‍ വരുന്നത്. നിയമസഭയില്‍ ബിജെപി അക്കൗണ്ട് തുറന്നാല്‍ വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ തുടങ്ങും. ഇതിന് കേരളജനത സമ്മതിക്കരുത്. ഒരു തിരഞ്ഞെടുപ്പിലും കാണാത്ത വിധം ബിജെപി നേതാക്കള്‍ കേരളത്തില്‍ വരുന്നുണ്ട്. ഇത് കേരളത്തോടുള്ള താല്‍പര്യം കൊണ്ടല്ല. ആന്റണി പറഞ്ഞു.
എല്‍ഡിഎഫ് എപ്പോഴക്കെ കേരളത്തില്‍ ഭരണത്തില്‍ വന്നിട്ടുണ്ടോ അപ്പോഴക്കെ സംസ്ഥാനത്തിന്റെ ക്രമസമാധാനം തകര്‍ന്നിട്ടുണ്ട്. ചന്ദ്രശേഖരന്‍ വധത്തിനു ശേഷം ഇവിടെ രാഷ്ട്രീയകൊലപാതകം നടക്കില്ലെന്നാണ് നമ്മള്‍ കരുതിയത്. എന്നാല്‍ ഇപ്പോഴും ഒരു പാര്‍ട്ടി കടംവീട്ടുമെന്നും എതിര്‍പാര്‍ട്ടി പലിശസഹിതം കടംവീട്ടുമെന്നും പറഞ്ഞ് നടക്കുകയാണ്. സിപിഎം അക്രമരാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നതുവരെ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലതെന്നും ആന്റണി അഭിപ്രായപ്പെട്ടു.
എല്‍ഡിഎഫും യുഡിഎഫും ഇപ്പോള്‍ ഒപ്പത്തിനൊപ്പമാണ് ഉള്ളത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഫിനിഷിങില്‍ മുമ്പിലെത്താറുള്ളത് യുഡിഎഫാണ്. ആഞ്ഞുപിടിച്ചാല്‍ ഭരണത്തുടര്‍ച്ചയുണ്ടാവുമെന്നും ആന്റണി പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് ചിലയിടങ്ങളില്‍ വിമതസ്ഥാനാര്‍ഥിയുണ്ടാവുന്നത് സാധരണമാണെന്നും അതൊന്നും യുഡിഎഫിനെ ബാധിക്കില്ലെന്നും ആന്റണി പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് കെ ടി ശശി അധ്യക്ഷത വഹിച്ചു. സി വി സാജു സംസാരിച്ചു. ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍, വി എ നാരായണന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it