thrissur local

ബിജെപിയുമായി ധാരണ; ഗുരുവായൂരില്‍ മുസ്‌ലിംലീഗിനുള്ളില്‍ പ്രതിഷേധം

കെ എം അക്ബര്‍

ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ ബിജെപിയുമായി വോട്ടു മറിക്കല്‍ ധാരണയിലെത്തിയെന്ന വാര്‍ത്ത പുറത്തായതോടെ മുസ്‌ലിം ലീഗിനുള്ളില്‍ പ്രതിഷേധം. ബിജെപി വോട്ട് വേണ്ടെന്ന് പരസ്യമായി പറയാന്‍ നേതൃത്വം തയ്യാറാവണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഗുരുവായൂരിലെ യുഡിഎഫ് യോഗങ്ങളില്‍ ബിജെപിക്കെതിരേയുള്ള പ്രസ്താവനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം തേജസ് പ്രസിദ്ദീകരിച്ചതോടേയാണ് പ്രവര്‍ത്തകര്‍ ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ യുഡിഎഫ് പ്രചാരണ യോഗങ്ങളില്‍ ബിജെപിക്കെതിരേ പ്രസംഗിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ലീഗ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇനി ഇത്തരത്തില്‍ ബിജെപിക്കെതിരേ പ്രസംഗം നടത്തരുതെന്നായിരുന്നു മുന്നറിയിപ്പ്. കൂടാതെ ഇരു നേതാക്കള്‍ തുടര്‍ന്നുള്ള യോഗങ്ങളില്‍ പ്രസംഗിക്കുന്നതിനും ലീഗ് തടയിട്ടിരുന്നു. എന്നാല്‍, ബിജെപിയുമായുള്ള ധാരണ അംഗീകരിക്കാനാവില്ലെന്നും ഇത് പാര്‍ട്ടിയിലുള്ള വിശ്വാസ്തത നഷ്ടപ്പെടുത്തുന്നുവെന്നുമാണ് ലീഗ് അണികളുടെ അഭിപ്രായം. ലീഗ്-ബിജെപി ധാരണ— എല്‍ഡിഎഫ് അടക്കമുള്ള പാര്‍ട്ടികള്‍ രാഷ്ട്രീയ നേട്ടമാക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ബിജെപി വോട്ട് വേണ്ടെന്ന് പരസ്യമായി പറയണമെന്ന പ്രവര്‍ത്തകുടെ ആവശ്യത്തിന് മുന്നില്‍ മറുപടി നല്‍കാനാകാതെ പകച്ചു പോയ ലീഗ് നേതൃത്വം ഇതോടെ വെട്ടിലായ അവസ്ഥയിലാണ്. ലീഗ് പ്രവര്‍ത്തകര്‍ക്ക് പുറമെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപിയുമായുള്ള വോട്ടു മറിക്കല്‍ ധാരണക്കെതിരേ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഗുരുവായൂരിന് പുറമെ ലീഗ് മല്‍സരിക്കുന്ന ആറു മണ്ഡലങ്ങളില്‍ ബിജെപിയുമായി രഹസ്യ ധാരണയുണ്ടാക്കിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായിട്ടുണ്ട്.
Next Story

RELATED STORIES

Share it