ernakulam local

ബിജെപിയുടെ സംവരണവിരുദ്ധ നിലപാട് ; വെള്ളാപ്പള്ളി നയം വ്യക്തമാക്കണം: വിഎസ്

കളമശ്ശേരി: ബിജെപിയുടെ പിന്നാക്ക വിഭാഗക്കാരുടെ സംവരണവിരുദ്ധ നിലപാടിനെക്കുറിച്ച് വെള്ളാപ്പിള്ളി നടേശന്‍ നയം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കളമശ്ശേരി ഏരിയ, തൃക്കാക്കര, കളമശ്ശേരി, ഏലൂര്‍ നഗരസഭകളിലെ ഇടതുമുന്നണി സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന്റെ ഭാഗമായി സൗത്ത് കളമശ്ശേരിയില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പു യോഗത്തില്‍ സംസാരിക്കുകയായിരുന്നു വി എസ്.
ക്ഷേത്ര പ്രവേശത്തിനും പൊതുവഴിയിലൂടെ നടക്കാനും സര്‍ക്കാര്‍ മേഖലയില്‍ ജോലിക്കു സംവരണത്തിനും ശ്രീനാരായണീയര്‍ ഉള്‍പ്പെടെ നടത്തിയ ശക്തമായ സമരത്തിലൂടെ നേടിയെടുത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോഡി ആര്‍എസ്എസ് എന്ന പാമ്പിന്റെ വായില്‍ കുടുങ്ങിയ പാമ്പാണെന്നും അതിലേക്കാണ് വെള്ളാപ്പള്ളി എസ്എന്‍ഡിപിയെ നയിക്കാന്‍ ശ്രമിക്കുന്നതെന്നും വി എസ് പറഞ്ഞു.
കോളജിലെ അധ്യാപക, അനധ്യാപക നിയമനത്തിലൂടെയും മൈക്രോ ഫൈനാന്‍സ് വഴിയും കോടികളുടെ അഴിമതി നടത്തിയ വെള്ളാപ്പള്ളിക്കും കൂട്ടര്‍ക്കുമെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളിയുടെ അഴിമതിക്കെതിരേ നിയമനടപടി സ്വീകരിക്കാതെ സംരക്ഷിക്കുന്ന സമീപനമാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് വി എസ് കുറ്റപ്പെടുത്തി.
പൊതുയോഗത്തില്‍ സിപിഎം ഏരിയ സെക്രട്ടറി വി എ സക്കീര്‍ ഹുസൈന്‍, സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ്, മുന്‍ എംപി കെ ചന്ദ്രന്‍പിള്ള സംസാരിച്ചു. മുന്‍ എംഎല്‍എ എ എം യൂസഫ്, സി കെ പരീത്, കെ ബി വര്‍ഗീസ്, പി വി നാരായണന്‍, അബ്ദുല്‍ കരീം നടക്കല്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it