Districts

ബിജെപിയുടെ 'വന്‍ നേട്ടം' ഊതിവീര്‍പ്പിച്ചതെന്ന് കണക്ക്; സ്ഥാനം സ്വതന്ത്രര്‍ക്കും പിറകില്‍

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തിയെന്ന അവകാശവാദം പൊള്ളയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ കാണിക്കുന്നു. വിജയിച്ച ബിജെപി സ്ഥാനാര്‍ഥികളുടെ എണ്ണം സ്വതന്ത്രര്‍ക്കും താഴെയാണ്. ഒരു പാര്‍ട്ടിയുമായും മുന്നണിയുമായും ബന്ധമില്ലാതെ മല്‍സരിച്ച 1378 പേര്‍ ഇത്തവണ വിജയിച്ചിട്ടുണ്ട്. ബിജെപിയും സഖ്യകക്ഷികളും കൂടി ആകെ നേടിയത് 1242 സീറ്റുകളാണ്. എന്നാല്‍ വാര്‍ത്താ മാധ്യമങ്ങളും പാര്‍ട്ടി നേതാക്കളും ബിജെപി വലിയ കുതിപ്പ് തന്നെ ഉണ്ടാക്കിയെന്ന രൂപത്തിലാണ് പ്രചാരണം നടത്തുന്നത്. കണക്കുകള്‍ ഈ അവകാശ വാദങ്ങളെ തീര്‍ത്തും നിരാകരിക്കുകയാണ്. 17,000 വാര്‍ഡുകളില്‍ ബിജെപിയും 2000 വാര്‍ഡുകളില്‍ സഖ്യകക്ഷികളായ എസ്എന്‍ഡിപി സ്വതന്ത്രര്‍, കേരള കോണ്‍ഗ്രസ് പി സി തോമസ് വിഭാഗം, ആര്‍എസ്പി ബാബു ദിവാകരന്‍ വിഭാഗം, കെപിഎംഎസ് എന്നിങ്ങനെയുള്ളവരെയെല്ലാം കൂടി 19,000 സീറ്റിലാണ് മല്‍സിച്ചത്. വിജയിച്ചത് 1,242 പേര്‍ മാത്രം. ഇതില്‍ ബിജെപിക്കാര്‍ 924 മാത്രമാണ്. കഴിഞ്ഞതവണ ബിജെപി 7000 സീറ്റില്‍ മല്‍സരിച്ച് 423 സീറ്റുകളിലാണ് വിജയിച്ചത്.

ഏറ്റവും കൂടുതല്‍ കെട്ടിവച്ച പണം നഷ്ടപ്പെട്ട പാര്‍ട്ടിയും ബിജെപിയാണെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഗ്രാമപ്പഞ്ചായത്തില്‍ ആകെയുള്ള 15962 വാര്‍ഡുകളില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ഥികള്‍ 931 മാത്രമാണ്. വിജയിച്ച സ്വതന്ത്രരുടെ എണ്ണം 1038 ആണ്. ബ്ലോക്ക് പഞ്ചായത്തില്‍ സ്വതന്ത്രരായ 53പേര്‍ വിജയിച്ചപ്പോള്‍ ബിജെപിയിലെ 21 പേരാണ് ജയിച്ചത്. ജില്ലാ പഞ്ചായത്തിലെ 331 ഡിവിഷനുകളില്‍ ഒരു പാര്‍ട്ടിയുമായും ബന്ധമില്ലാത്ത നാലു സ്വതന്ത്രര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബിജെപിക്ക് മൂന്ന് സീറ്റാണ്. മുനിസിപ്പാലിറ്റികളില്‍ 259 സ്വതന്ത്രര്‍ ജയിച്ചു. ബിജെപിക്കാര്‍ 236. ആകെ 414 കോര്‍പറേഷന്‍ വാര്‍ഡുകളില്‍ ബിജെപി 51 എണ്ണത്തിലാണ് വിജയിച്ചത്. 24 സ്വതന്ത്രരും ജയിച്ചിട്ടുണ്ട്. കഴിഞ്ഞതവണ നാലു പഞ്ചായത്തുകളില്‍ ബിജെപി ഭരണമുണ്ടായിരുന്നത്, 14 ആയി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഈ പഞ്ചായത്തുകളില്‍ യുഡിഎഫും എല്‍ഡിഎഫും ഒന്നിച്ചാല്‍ ആറിടത്തും അവര്‍ക്ക് പ്രതിപക്ഷത്തിരിക്കേണ്ടി വരും. പാലക്കാട് നഗരസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിട്ടുണ്ടെങ്കിലും അവര്‍ക്കു ഭരിക്കാന്‍ വേണ്ട ഭൂരിപക്ഷമില്ല. കേരളത്തിലെ മൂന്നാം മുന്നണി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം ഊതിവീര്‍പ്പിച്ച സോപ്പുകുമിളയാണെന്ന് തെളിയുമെന്ന് യുഡിഎഫ്-എല്‍ഡിഫ് നേതാക്കള്‍ പറഞ്ഞിരുന്നു. അത് യാഥാര്‍ഥ്യമാണെന്നു തെളിഞ്ഞിരിക്കുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാന്‍ ഇടയില്ല.
Next Story

RELATED STORIES

Share it