ബിജെപിയുടെ പരാജയം 'പൊങ്കാല'യാക്കി സാമൂഹിക മാധ്യമങ്ങള്‍

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം നേടിയ വിജയം സാമൂഹിക മാധ്യമങ്ങള്‍ 'പൊങ്കാല'യാക്കി. വോട്ട് എണ്ണിത്തുടങ്ങി ആദ്യഫലങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയതു മുതല്‍ മഹാസഖ്യത്തിനു പിന്തുണ അര്‍പ്പിച്ചും മോദിയെ പരിഹസിച്ചും സാമൂഹിക മാധ്യമങ്ങള്‍ സജീവമായി. 'ജനാധിപത്യത്തിന്റെ വിജയം' എന്നാണ് ലാലു-നിതീഷ്-കോണ്‍ഗ്രസ് കൂട്ടുകെട്ടിന്റെ വിജയത്തെ പലരും വിശേഷിപ്പിച്ചത്. പട്‌ന മുതല്‍ മുസഫറാബാദ് വരെയും ദര്‍ബംഗ മുതല്‍ ഡല്‍ഹി വരെയുമുള്ള യുവതലമുറ ഫേസ്ബുക്കിലൂടെ അഭിപ്രായം രേഖപ്പെടുത്തുകയും മഹാസഖ്യത്തിന്റെ വിജയം ആഘോഷിക്കുകയും ചെയ്യുന്ന കാഴ്ചയായിരുന്നു പിന്നീടു കണ്ടത്.  ബിഹാരി, നാഗ്പൂരിയെ നിലംപരിശാക്കി എന്നായിരുന്നു ഫേസ്ബുക്കിലൂടെ പട്‌ന സ്വദേശി കുമുദ് സിങിന്റെ പ്രതികരണം.

പശുവിന് വോട്ട് രേഖപ്പെടുത്താന്‍ അനുവാദമില്ലാത്തതുകൊണ്ടാണ് തങ്ങള്‍ക്ക് അധികാരം നഷ്ടപ്പെട്ടതെന്ന് ബിജെപി പറയുന്നതായാണ് ഐടി ഉദ്യോഗസ്ഥനായ നബീല്‍ അഷ്‌റഫ് മോദിക്കേറ്റ തിരിച്ചടിയെ പരിഹസിച്ചത്. തിരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ ആയുധമാക്കിയ പശു, ബീഫ്, പാകിസ്താന്‍ എന്നീ പ്രയോഗങ്ങളെല്ലാം മോദി-ഷാ കൂട്ടുകെട്ടിന്റെ പരാജയത്തെ ആഘോഷമാക്കാനും സാമൂഹിക മാധ്യമ പ്രവര്‍ത്തകര്‍ പരമാവധി പ്രയോജനപ്പെടുത്തി. അതേസമയം, മഹാസഖ്യത്തിന്റെ വിജയത്തിന് ആശംസയര്‍പ്പിച്ച ബിജെപി അനുകൂലികള്‍ ബിഹാര്‍ വീണ്ടും കാട്ടുഭരണത്തിലേക്കു പോവുന്നു എന്നാണു വിശേഷിപ്പിച്ചത്. പശു വൈക്കോല്‍ തിന്നുന്നതിനു പകരം ഇപ്പോള്‍ വൈക്കോല്‍ പശുവിനെയാണു തിന്നുന്നത് എന്നായിരുന്നു ബിജെപിയുടെ പരാജയത്തെക്കുറിച്ച് ഗബ്ബാര്‍ സിങിന്റെ ട്വീറ്റ്. രണ്ടു വിഡ്ഢികളും ഒരു പശുവും എന്നും ചിലര്‍ തിരഞ്ഞെടുപ്പു ഫലത്തെ വിശേഷിപ്പിച്ചു.
Next Story

RELATED STORIES

Share it