ബിജെപിയുടെ ക്ഷണം സി കെ ജാനു തള്ളി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കാനുള്ള ക്ഷണം ആദിവാസി ഗോത്രമഹാസഭാ നേതാവ് സി കെ ജാനു തള്ളി. നേരത്തെ സി കെ ജാനുവുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും ജാനുവിനെ മല്‍സരിപ്പിക്കാമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ക്ഷണം തള്ളി ജാനു രംഗത്തെത്തിയത്. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ടതില്ല എന്നാണ് ആദിവാസി ഗോത്രമഹാസഭയുടെ നിലപാടെന്ന് സി കെ ജാനു പറഞ്ഞു. ഒരു മുന്നണിയുടെയും ഭാഗമാവേണ്ടെന്നാണ് ആദിവാസി ഗോത്രമഹാസഭയുടെ നിലപാടെന്ന് നേരത്തെ ഗീതാനന്ദന്‍ വ്യക്തമാക്കിയിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ട എന്ന് ഗോത്രമഹാ സഭയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ സംഘടനയായ ജനാധിപത്യ ഊരുവികസന മുന്നണിയും തീരുമാനിച്ചിരുന്നു. അധികാരത്തിലെത്താന്‍ എല്ലാ പാര്‍ട്ടികളും ഒരേ നയമാണ് സ്വീകരിക്കുന്നത്. അതില്‍ ബിജെപിയെ മാറ്റിനിര്‍ത്തേണ്ട കാര്യമില്ലെന്നും സി കെ ജാനു പറഞ്ഞു. ബിജെപിയും ബിഡിജെഎസും ചര്‍ച്ചകള്‍ക്കായി ദൂതന്‍മാര്‍വഴി തന്നെ സമീപിച്ചിരുന്നു. അവരുമായി നേരിട്ട് ചര്‍ച്ച നടത്തുന്നതില്‍ ഇനിയും കുഴപ്പമുണ്ടെന്ന് തോന്നുന്നില്ല. ബിജെപിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ട കാര്യമില്ലെന്നും ആരുമായും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, പൊമ്പിളൈ ഒരുമ പോലുള്ള ജനകീയസമരങ്ങള്‍ സംഘടിപ്പിക്കുന്നവരുടെ സ്ഥാനാര്‍ഥികളെ തങ്ങള്‍ പിന്തുണയ്ക്കുമെന്നും അവര്‍ക്കായി പ്രചാരണത്തിനിറങ്ങുമെന്നും ജാനു പറഞ്ഞു. ജനകീയ സമരങ്ങളിലൂടെ ഉയര്‍ന്നുവരുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്നും ജാനു കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it