ബിജെപിയില്‍ ചേരിപ്പോര് രൂക്ഷം

ന്യൂഡല്‍ഹി: ബിഹാര്‍ അസംബ്ലിയിലേക്കു നടന്ന തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ ബിജെപിയിലെ ചേരിപ്പോര് രൂക്ഷമായി. ഇന്നലെ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തു ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് നേതാക്കള്‍ക്കിടയിലെ ചേരിപ്പോര് മറനീക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ, ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് എന്നിവര്‍ക്കെതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
ഭാഗവതിന്റെ സംവരണം സംബന്ധിച്ച പരാമര്‍ശമാണ് പരാജയത്തിന്റെ മുഖ്യകാരണമെന്നാണ് ഒരുവിഭാഗത്തിന്റെ വിമര്‍ശനം. ബിഹാറില്‍നിന്നുള്ള ഒരു നേതാവിനെ മുന്നില്‍ നിര്‍ത്താതെ ഗുജറാത്തികളായ മോദിയും അമിത്ഷായും പോസ്റ്ററുകളില്‍ നിറഞ്ഞതാണ് പരാജയത്തിന് കാരണമെന്നായിരുന്നു ബിഹാറില്‍ നിന്നുള്ള നേതാക്കളുടെ പരാതി. മഹാസഖ്യത്തിന്റെ ശക്തി തിരിച്ചറിയാതെ പോയതാണ് പരാജയകാരണമായതെന്നായിരുന്നു യോഗത്തിന് ശേഷം അമിത്ഷായുടെ പ്രതികരണം. ആര്‍എസ്എസ് തലവന്റെ സംവരണ പരാമര്‍ശം തോല്‍വിക്കു കാരണമായിട്ടില്ലെന്ന് ഷാ പറഞ്ഞു. എതിരാളികള്‍ ഒന്നിച്ചതാണ് പരാജയകാരണമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും പ്രതികരിച്ചു.
സുഷമാ സ്വരാജ് അടക്കമുള്ള അഡ്വാനി പക്ഷക്കാരായ മന്ത്രിമാരെ മോദി പരിഗണിക്കുന്നില്ലെന്ന അമര്‍ഷമാണ് വിമത വിഭാഗത്തിലുള്ളത്. കേന്ദ്രത്തില്‍ അധികാരത്തിലേറിയതിനു ശേഷം മുതിര്‍ന്ന നേതാക്കളെ പൂര്‍ണമായും അവഗണിക്കുന്ന ശൈലിയാണ് അമിത്ഷായും മോദിയും പയറ്റുന്നതെന്നാണ് പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന്റെ വിമര്‍ശനം.
Next Story

RELATED STORIES

Share it