Pathanamthitta local

ബിജെപിക്ക് സ്ഥാനാര്‍ഥിയില്ല; കൊടുമണ്ണില്‍ തീ പാറും പോരാട്ടം

അടൂര്‍: സംഘടനാപാരമ്പര്യവും പ്രവര്‍ത്തനക്ഷമതയും കൈമുതലാക്കിയുള്ള പോരാട്ടമാണ് ഇക്കുറി കൊടുമണ്ണില്‍ നടക്കുന്നത്. ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ പോരാട്ടവും കൊടുമണ്ണിലേതാണ്. നിലവിലുള്ള ജില്ലാ പഞ്ചായത്ത് കമ്മിറ്റിയില്‍ ആദ്യടേമില്‍ പ്രസിഡന്റായിരുന്ന ബാബു ജോര്‍ജാണ് യുഡിഎഫിനുവേണ്ടി രംഗത്തുള്ളത്. എതിരിടുന്നത് സിപിഎമ്മിന്റെ കന്നിക്കാരന്‍ അഡ്വ. ആര്‍ ബി രാജീവ് കുമാര്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി പണം കെട്ടി വച്ച് ടോക്കല്‍ നമ്പര്‍ വാങ്ങിയിരുന്നെങ്കിലും, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാതെ ബിജെപി സ്ഥാനാര്‍ഥി മാറിനിന്നു.
ഔദ്യോഗിക സ്ഥാനാര്‍ഥി നഷ്ടമായതോടെ ബിഎസ്പിയുടെ കൊടുമണ്‍ രാമചന്ദ്രനെ പിന്തുണയ്ക്കുകയാണ് ബിജെപി. മണ്ഡലത്തില്‍ സജീവമായ വേരോട്ടമുള്ള ഡിഎച്ച്ആര്‍എമ്മിന്റെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയും മണ്ഡലത്തില്‍ സജീവമാണ്.
ചരിത്രം
കൊടുമണ്‍ ഡിവിഷനിലെ ആദ്യ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ ശാന്തി ദാമോദരനാണ് വിജയിച്ചത്. ജെഎസ്എസിലെ പുഷ്പകുമാരി ആയിരുന്നു എതിരാളി. 2000ല്‍ തോപ്പില്‍ ഗോപകുമാറിനെ ഇറക്കി കോണ്‍ഗ്രസ് ഡിവിഷന്‍ പിടിച്ചെടുത്തു. എസ്എഫ്‌ഐയിലൂടെ രംഗത്തുവന്ന വിപിന്‍ കുമാറിനെയാണ് പരാജയപ്പെടുത്തിയത്. 2005ല്‍ പ്രഫ. കെ മോഹന്‍കുമാറിലൂടെ എല്‍ഡിഎഫ് ഡിവിഷന്‍ തിരിച്ചു പിടിച്ചു. ഇപ്പോഴത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ബാബു ജോര്‍ജുമായായിരുന്നു എതിരാളി. ഡിവിഷന്‍ പുനര്‍നിര്‍ണയിച്ച ശേഷം 2010ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ —പി വിജയമ്മ, കലഞ്ഞൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എല്‍ഡിഎഫിലെ സൗദ രാജനെ പരാജയപ്പെടുത്തി ഡിവിഷന്‍ യുഡിഎഫിന്റേതാക്കി.
തുടര്‍ന്ന് ജില്ലാ പഞ്ചായത്തിന്റെ ആദ്യടേമില്‍ രണ്ടര വര്‍ഷം വൈസ് പ്രസിഡന്റിന്റെ ചുമതലയും വഹിച്ചു. പറക്കോട് ബ്ലോക്കില്‍പ്പെട്ട കൊടുമണ്‍, ഏഴംകുളം, അങ്ങാടിക്കല്‍, കലഞ്ഞൂര്‍, ഇളമണ്ണൂര്‍ എന്നീ ഡിവിഷനുകള്‍ ചേര്‍ന്നതാണ് ജില്ലാ പഞ്ചായത്ത് കൊടുമണ്‍ ഡിവിഷന്‍.
അഡ്വ. ആര്‍ ബി രാജീവ് കുമാര്‍ (എല്‍ഡിഎഫ്)
മികച്ച സംഘാടകനും അഭിഭാഷകനും ജീവകാരുണ്യ പ്രവര്‍ത്തകനുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്‍ ബി രാജീവ് കുമാര്‍.
കഴിഞ്ഞ തവണ ഏനാദിമംഗലം ഗ്രാമപ്പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ടു. സിപിഎം കൊടുമണ്‍ ഏരിയാ കമ്മിറ്റി അംഗം, സിപിഎം ഇളമണ്ണൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ഡിവൈഎഫ് ഐ കൊടുമണ്‍ ഏരിയാ കമ്മിറ്റി പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളജിലെ യൂനിയന്‍ ചെയര്‍മാനായിരുന്നു. തിരുവനന്തപുരം ലോ അക്കാദമി ലോ കോളജില്‍ നിന്ന് എല്‍എല്‍ബി ബിരുദം നേടിയ രാജീവ് കുമാര്‍ അടൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു.
കൊടുമണ്‍, കലഞ്ഞൂര്‍, ഏനാദിമംഗലം, ഏഴംകുളം പഞ്ചായത്ത് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനായായ ജനനി ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രസിഡന്റാണ് 40കാരനായ ഏനാദിമംഗലം രാജ്ഭവനില്‍ രാജീവ് കുമാര്‍. ഭാര്യ: പ്രീതി (അധ്യാപിക). മകന്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥി ആനന്ദ് കൃഷ്ണ.
ബാബു ജോര്‍ജ് (യുഡിഎഫ്)
2010 മുതല്‍ 13 വരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു ബാബു ജോര്‍ജ്. ഇ-ടോയ്‌ലറ്റിന്റെയും സീറോ വേസ്റ്റ് പദ്ധതിയുടെയും പ്രാരംഭ പ്രവര്‍ത്തനം നടത്തിയതുവഴി രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്‌കാരം പത്തനംതിട്ടയ്ക്കു ലഭിച്ചതിലൂടെ ശ്രദ്ധേയനായി.
പദ്ധതി നിര്‍വഹണം 100 ശതമാനത്തിലെത്തിക്കുകയെന്നതായിരുന്നു ലക്ഷ്യം. പുതിയ പദ്ധതികളുമായി പദ്ധതി നിര്‍വഹണത്തില്‍ ശ്രദ്ധേയമായ നേട്ടമുണ്ടാക്കി. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് കെഎസ്‌യു പ്രവര്‍ത്തകനായാണ് ബാബു ജോര്‍ജ് രാഷ്ട്രീയത്തിലിറങ്ങിയത്. 24 വര്‍ഷമായി ഡിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം വഹിക്കുന്നു. കെപിസിസി അംഗവുമാണ്. കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. രണ്ടു തവണ കേരള സര്‍വകലാശാല സ്റ്റുഡന്റ്‌സ് സിന്‍ഡിക്കേറ്റംഗമായിരുന്നു. 15വര്‍ഷം യൂനിവേഴ്‌സിറ്റി സെനറ്റ് അംഗമായും പ്രവര്‍ത്തിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു. സര്‍വകലാശാല സിന്‍ഡിക്കേറ്റംഗമെന്ന നിലയില്‍ അക്കാദമിക് മേഖലയിലും മികവു തെളിയിച്ചു. കലഞ്ഞൂര്‍ തെക്കേടത്ത് വളവു കയത്തില്‍ കുടുംബാംഗമാണ് 55കാരനായ ബാബു ജോര്‍ജ്. ഭാര്യ: സിനി ബാബു (അധ്യാപിക). മെഡിക്കല്‍ വിദ്യാര്‍ഥിയായ അഖില്‍ ബാബു, എന്‍ജിനീയറിങ് വിദ്യാര്‍ഥി അമല്‍ ബാബു എന്നിവര്‍ മക്കള്‍.
Next Story

RELATED STORIES

Share it