ബിജെപിക്ക് കാലിടറുന്നു

കെ പി ഒ റഹ്മത്തുല്ല
തൃശൂര്‍: കേന്ദ്രഭരണത്തിന്റെയും മോദി തരംഗത്തിന്റെയും മേല്‍കൈയില്‍ എസ്എന്‍ഡിപിയുമായി ചേര്‍ന്നു സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വന്‍കുതിപ്പിനു കോപ്പുകൂട്ടിയ ബിജെപിക്ക് അവസാനഘട്ടത്തില്‍ കാലിടറുന്നു. ഇതിന്റെ സൂചനകളാണ് സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെയും വാക്കുകളില്‍ നിഴലിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ഉണ്ടാവാന്‍ പോവുന്ന പരാജയത്തിന്റെ ഉത്തരവാദിത്തം ബിജെപിക്കായിരിക്കുമെന്നു നടേശന്‍ പറയുന്നു.

എസ്എന്‍ഡിപി സഖ്യം ഉപയോഗപ്പെടുത്താന്‍ ബിജെപിക്കു കഴിഞ്ഞിട്ടില്ലെന്നും നേതൃത്വത്തിന്റെ പരാജയമാണ് അതെന്നുമാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്. രാഷ്ട്രീയപ്പാര്‍ട്ടിയല്ലാത്തതിനാല്‍ എസ്എന്‍ഡിപിയുമായി സംസ്ഥാനതലത്തില്‍ സഖ്യമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു മുരളീധരനും പറയുന്നു. തുടക്കത്തില്‍ ഉണ്ടായിരുന്ന ആത്മവിശ്വാസം ഇരുകൂട്ടര്‍ക്കും നഷ്ടമാവുന്നുവെന്നാണ് ഇതു കാണിക്കുന്നത്.  കഴിഞ്ഞ തവണ 7000 സ്ഥാനാര്‍ഥികളെ മല്‍സരിപ്പിച്ച ബിജെപിക്ക് ജയിക്കാനായത് 423 സീറ്റില്‍ മാത്രമാണ്.  ഇത്തവണ 17,000 ബിജെപി സ്ഥാനാര്‍ഥികളും അവര്‍ പിന്തുണയ്ക്കുന്ന 2000 സ്ഥാനാര്‍ഥികളും ഗോദയിലുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷം പേരും തോല്‍ക്കുമെന്നു തീര്‍ച്ച. രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണക്കുപ്രകാരം പരമാവധി 500 പേര്‍ മാത്രമേ ഇവരില്‍ വിജയിക്കുകയുള്ളൂ. ഒരൊറ്റ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും ബിജെപിക്ക് ഭരണം കിട്ടാന്‍ സാധ്യതയില്ലെന്നാണു കണക്കുകൂട്ടല്‍. ന്യൂനപക്ഷ വിഭാഗങ്ങള്‍ ബിജെപിയെ വെറുത്തതാണ് അവസാനഘട്ടത്തില്‍ അവര്‍ക്കു തിരിച്ചടിയാവുന്നത്. ഭക്ഷണത്തിന്റെയും ജനസംഖ്യയുടെയും പേരില്‍ സംഘപരിവാരം നടത്തുന്ന നീക്കങ്ങളും പ്രസ്താവനകളും മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളെ വല്ലാതെ അസ്വസ്ഥരാക്കിയിട്ടുണ്ട്.

ദാദ്രിയിലെ കൊലപാതകവും ദലിതരെ ആക്രമിക്കുന്നതും വലിയ വിഭാഗം വോട്ടര്‍മാരെ മാറി ചിന്തിക്കാന്‍ പ്രേരിതരാക്കി. മതേതരത്വം സംരക്ഷിക്കണമെന്ന കാഴ്ചപ്പാടുള്ള ഭൂരിപക്ഷം വോട്ടര്‍മാരും ഇത്തവണ മാറി ചിന്തിക്കുമെന്നതിനാല്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും കൂട്ടാളികള്‍ക്കും വലിയ തിരിച്ചടികളുണ്ടാവുമെന്നാണ് നിഷ്പക്ഷ നിരീക്ഷകരും സാക്ഷ്യപ്പെടുത്തുന്നത്.
Next Story

RELATED STORIES

Share it