ബിജെപിക്കു വിമതഭീഷണിയുമായി പി പി മുകുന്ദന്‍

തിരുവനന്തപുരം: ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കുന്നതിന് പുതിയ നീക്കവുമായി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി പി മുകുന്ദന്‍. പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കെയാണ് ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള മുകുന്ദന്റെ ശ്രമം. സ്വതന്ത്ര സ്ഥാനാര്‍ഥിയായി നേമത്തോ വട്ടിയൂര്‍ക്കാവിലോ മല്‍സരിക്കാനാണ് കൂടെയുള്ള പ്രവര്‍ത്തകരില്‍നിന്നു സമ്മര്‍ദ്ദമുള്ളതെന്ന് മുകുന്ദന്‍ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ബിജെപിക്ക് ഇപ്പോഴുള്ള അമിതമായ ആത്മവിശ്വാസം ദോഷം ചെയ്യും. വീട്ടില്‍ നിന്ന് ഇറക്കിവിട്ട അവസ്ഥയിലാണ് ഇപ്പോഴെന്നും നിഷ്‌ക്രിയരായ പ്രവര്‍ത്തകരെ ഒരുമിപ്പിച്ച് മുന്നോട്ടു പോവുമെന്നും മുകുന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി വിജയപ്രതീക്ഷ പുലര്‍ത്തുന്ന രണ്ടു മണ്ഡലങ്ങളാണ് വട്ടിയൂര്‍ക്കാവും നേമവും. നേമത്ത് മുതിര്‍ന്ന നേതാവ് ഒ രാജഗോപാലിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
വട്ടിയൂര്‍ക്കാവില്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ഥിയാവുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതിനിടെയാണ് ഈ മണ്ഡലങ്ങളില്‍ വിമതനായി മല്‍സരിക്കുമെന്ന ഭീഷണിയുമായി മുകുന്ദന്‍ രംഗത്തെത്തിയത്. മുകുന്ദന്റെ ബിജെപിയിലേക്കുള്ള മടങ്ങിവരവ് തദ്ദേശ തിരഞ്ഞെടുപ്പു മുതല്‍ ചര്‍ച്ചയായെങ്കിലും ഇതേവരെ നടന്നിട്ടില്ല. ഇതിനിടെയാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചത്. തിരിച്ചുവരാനുള്ള സമ്മതം വ്യക്തമാക്കിയിട്ടും സംസ്ഥാന നേതൃത്വം തിരികെ വിളിക്കാത്തതിനുള്ള കാരണം അറിയില്ലെന്ന് മുകുന്ദന്‍ പറഞ്ഞു. ബിജെപിയിലെ തന്നെ ഒരു വിഭാഗത്തിന്റെ പിന്തുണ മുകുന്ദന്റെ പുതിയ നീക്കത്തിനു ലഭിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. മല്‍സരിക്കുന്നതിന് അണികളില്‍നിന്നും തലസ്ഥാനത്തെ സുഹൃത്തുക്കളില്‍നിന്നും കടുത്ത സമ്മര്‍ദ്ദം നേരിടുന്നതായും ഇവരുടെ നിര്‍ബന്ധത്തിനു വഴങ്ങിക്കൊടുക്കേണ്ടിവരുമെന്നും മുകുന്ദന്‍ പറഞ്ഞു.
സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗപ്രവേശം ചെയ്യാനുള്ള പി പി മുകുന്ദന്റെ നീക്കം ബിജെപി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തോട് അടുപ്പം പുലര്‍ത്തുന്ന ആര്‍എസ്എസ് നേതാക്കള്‍ തീരുമാനത്തില്‍നിന്നു പിന്തിരിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, വിമതനായി മല്‍സരിക്കുമെന്ന് പി പി മുകുന്ദന്‍ പറഞ്ഞിട്ടില്ലെന്ന് ബിജെപി വക്താവ് ജെ ആര്‍ പത്മകുമാര്‍ പറഞ്ഞു. മല്‍സരിക്കാന്‍ പലരും നിര്‍ബന്ധിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. പാര്‍ട്ടി വിട്ടവര്‍ക്ക് തിരികെവരാമെന്നുള്ള സംസ്ഥാന പ്രസിഡന്റിന്റെ നിലപാടില്‍ മാറ്റമില്ലെന്നും പത്മകുമാര്‍ പറഞ്ഞു.
അതേസമയം, തിരുവനന്തപുരത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള ബിജെപി മോഹങ്ങള്‍ക്ക് മുകുന്ദന്‍ വിമതനായി മല്‍സരിച്ചാല്‍ തിരിച്ചടി നേരിടും. കഴിഞ്ഞദിവസം കോര്‍പറേഷന്‍ വാര്‍ഡായ വാഴോട്ടുകോണത്തു നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപി പിന്തള്ളപ്പെട്ടത് പാര്‍ട്ടിയുടെ ആത്മവിശ്വാസത്തിനു മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ 704 വോട്ടുകളുടെ കുറവോടെ ബിജെപി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയായിരുന്നു.
Next Story

RELATED STORIES

Share it