ബിജു രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത് തടയാന്‍ പോലിസ് ശ്രമം; കോടതി വളപ്പില്‍ നാടകീയ രംഗങ്ങള്‍

കോഴിക്കോട്: സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതു തടയാന്‍ പോലിസ് ശ്രമം. ഇന്നലെ ഒരു കേസിന്റെ വിസ്താരത്തിനായി ബിജു രാധാകൃഷ്ണനെ ജില്ലാ കോടതിയില്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍, കേസില്‍ വാദം കേള്‍ക്കുന്നത് മറ്റൊരു തിയ്യതിയിലേക്ക് മാറ്റിയതിനാല്‍ അഭിഭാഷകനായ എസ് പ്രേംനാഥുമായി സംസാരിക്കാന്‍ ബിജുവിന് കോടതി അവസരം നല്‍കി. ഇതിനു ശേഷം ഒന്നാം നിലയിലെ കോടതിയില്‍നിന്നു താഴേക്കിറങ്ങുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ അവിടെ നിലയുറപ്പിച്ചിരുന്നു. എന്നാല്‍, കോണിപ്പടിയില്‍നിന്നിറക്കി ബിജുവിനെ കൊണ്ടുവരുമ്പോള്‍തന്നെ പോലിസ് നേരിയ തോതില്‍ ബലം പ്രയോഗിച്ചു തുടങ്ങിയിരുന്നു.
തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ബിജുവിനോട് ചോദ്യങ്ങള്‍ ചോദിച്ചു. എന്നാല്‍, പോലിസ് ബിജുവിനെ തള്ളിമാറ്റി കൊണ്ടുപോയി. മാധ്യമപ്രവര്‍ത്തകരുടെ മൈക്കുകളും മറ്റ് ഉപകരണങ്ങളും തിക്കിലും തിരക്കിലും നിലത്തുവീണു. പോലിസ് ബിജുവിനെ ട്രാവലറിലേക്ക് ബലമായി കയറ്റി. മാധ്യമപ്രവര്‍ത്തകരെ തള്ളിനീക്കി പോലിസ് ബിജുവിനെ കയറ്റിയ വാഹനവുമായി സ്ഥലം കാലിയാക്കുകയായിരുന്നു. ഇന്നലെ കേസ് പരിഗണിക്കുമ്പോള്‍ നിരവധി പോലിസുകാരാണ് കോടതിയിലുണ്ടായിരുന്നത്. മഫ്തിയില്‍ വരെ പോലിസുകാരെ വിന്യസിച്ചിരുന്നു.
ടീം സോളാര്‍ കമ്പനിയുടെ ഫ്രാഞ്ചൈസി നല്‍കാമെന്നും സോളാര്‍ പാനലുകള്‍ സ്ഥാപിക്കാമെന്നും പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലെ സാക്ഷി വിസ്താരമാണ് ഇന്നലെ നടക്കാനിരുന്നത്. ബിജു രാധാകൃഷ്ണന്‍, സരിത എസ് നായര്‍, സരിതയുടെ ഡ്രൈവര്‍ മണിലാല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. കഴിഞ്ഞ മാസം ഇവര്‍ക്കെതിരേ വിചാരണക്കോടതി കുറ്റം ചുമത്തിയിരുന്നു.
തുടര്‍ന്നാണ് സാക്ഷി വിസ്താരത്തിനായി കേസ് മാറ്റിയത്. കേസ് അടുത്തമാസം 11ന് വീണ്ടും പരിഗണിക്കും. തട്ടിപ്പ്, വിശ്വാസ വഞ്ചന, ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്.
സോളാര്‍ പാനല്‍ സ്ഥാപിക്കാനായി അസോഷ്യേറ്റഡ് സ്റ്റീ ല്‍സ് ഉടമയായ അബ്ദുല്‍ മജീദില്‍നിന്നും 42,70,375 രൂപ സരിതയും ബിജു രാധാകൃഷ്ണും ചേര്‍ന്ന് തട്ടിയെടുത്തെന്ന പരാതിയില്‍ കസബ പോലിസ് 2012 നവംബര്‍ 9ന് കേസെടുത്തിരുന്നു. ലക്ഷ്മി എസ് നായര്‍, ആര്‍ ബി നായര്‍ എന്നീ പേരുകളിലായിരുന്നു സരിതയും ബിജുവും അബ്ദുല്‍ മജീദിനെ പരിചയപ്പെട്ടത്. സോളാര്‍ പാനലുകള്‍, ലൈറ്റുകള്‍, വാട്ടര്‍ ഹീറ്ററുകള്‍ തുടങ്ങിയവയുടെ വിതരണത്തിനായി ടീം സോളാര്‍ കമ്പനിയുടെ ഫ്രാഞ്ചൈസി നല്‍കാമെന്നും വീട്ടിലും ഓഫിസിലും പാനലുകള്‍ സ്ഥാപിക്കാമെന്നും വാഗ്ദാനം ചെയ്താണ് പണം തട്ടിയത്.
Next Story

RELATED STORIES

Share it