ബിജു രമേശിനെതിരേ ചെന്നിത്തല നിയമ നടപടിക്ക്

തിരുവനന്തപുരം: ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശിനെതിരേ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമ നടപടിക്ക്. അപകീര്‍ത്തികരമായ പ്രസ്താവനയുടെ പേരില്‍ ബിജു രമേശിന് ഇന്ന് വക്കീല്‍ നോട്ടീസ് അയക്കാനാണ് ചെന്നിത്തലയുടെ തീരുമാനം.
കെപിസിസി പ്രസിഡന്റായിരിക്കെ രമേശ് ചെന്നിത്തലയ്ക്ക് രണ്ടുകോടി രൂപ നല്‍കിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. മന്ത്രി വി എസ് ശിവകുമാറിന് 25 ലക്ഷം രൂപ നല്‍കിയതായും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, കെപിസിസി പ്രസിഡന്റായിരിക്കെ രസീത് നല്‍കാതെ യാതൊരു സംഭാവനയും സ്വീകരിച്ചിട്ടില്ലെന്നും കെപിസിസിയുടെ കണക്കുകള്‍ കൃത്യമായി ഓഡിറ്റിന് വിധേയമാക്കാറുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
ഇതോടെ ബിജു രമേശിനെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്ന മൂന്നാമത്തെ മന്ത്രിയാണ് ചെന്നിത്തല. നേരത്തെ ബാര്‍ കോഴയാരോപണമുന്നയിച്ചതിന്റെ പേരില്‍ മന്ത്രിമാരായ കെ ബാബുവും കെ എം മാണിയും ബിജു രമേശിനെതിരേ വക്കീല്‍ നോട്ടീസയച്ചിരുന്നു.
അതേസമയം, ബാര്‍ കോഴ ഇടപാടുമായി ബന്ധപ്പെട്ട് ബിജു രമേശ് നേരത്തെ ആരോപണമുന്നയിച്ചവരെല്ലാം എ ഗ്രൂപ്പ് നേതാക്കളായിരുന്നു. ബിജു രമേശിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ആരെങ്കിലും കോടതിയില്‍ പൊതുതാല്‍പര്യഹരജി നല്‍കുകയും പ്രാഥമികാന്വേഷണത്തിന് കോടതി ഉത്തരവിടുകയും ചെയ്താല്‍ അത് ആഭ്യന്തരമന്ത്രിയെ വെട്ടിലാക്കും. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് ബിജു രമേശിന്റെ നിലപാട്.
Next Story

RELATED STORIES

Share it