ബിജുരമേശിനെതിരായ കേസ് സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് കേരളാ കോണ്‍ഗ്രസ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ എം മാണിയുടെ രാജിക്കു പിന്നാലെ സര്‍ക്കാരിനെതിരായ നിലപാട് കടുപ്പിച്ച് കേരളാ കോണ്‍ഗ്രസ് (എം). ഓപറേഷന്‍ അനന്തയുടെ ഭാഗമായി ബിജുരമേശിനെതിരായ കേസ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് കേരളാ കോണ്‍ഗ്രസ് ആരോപിച്ചു. രാജധാനി കേസിന്റെ ഫയല്‍ റവന്യൂ വകുപ്പ് മുക്കിയെന്നും ബിജുരമേശും റവന്യൂ വകുപ്പുമായുള്ള ഒത്തുകളിക്കെതിരേ അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശ്ശേരി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
അതേസമയം, മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതിനെ ചൊല്ലി കേരളാ കോണ്‍ഗ്രസ്സില്‍ അഭിപ്രായഭിന്നത ഉടലെടുത്തു. പാര്‍ട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് അറിഞ്ഞിട്ടില്ലെന്നായിരുന്നു ജോസഫ് വിഭാഗം നേതാക്കളുടെ പ്രതികരണം. ഇക്കാര്യം പാര്‍ട്ടി ചര്‍ച്ചചെയ്തിട്ടില്ല. ബാര്‍ കോഴക്കേസിലെ ഹൈക്കോടതി ഹരജിയെച്ചൊല്ലിയും പാര്‍ട്ടിക്കുള്ളില്‍ ഭിന്നസ്വരമുയര്‍ന്നിട്ടുണ്ട്. ഓപറേഷന്‍ അനന്തയുടെ ഭാഗമായി ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള രാജധാനി ഹോട്ടല്‍ പൊളിച്ചുമാറ്റുന്നതിനുള്ള സര്‍ക്കാര്‍ നടപടി വൈകുന്നതാണ് കേരളാ കോണ്‍ഗ്രസ് എമ്മിനെ ചൊടിപ്പിച്ചത്.
കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സമയപരിധി അവസാനിക്കാറായിട്ടും തുടര്‍നടപടിയെടുത്തിട്ടില്ല. അപ്പീല്‍ കാലാവധി കഴിയുന്നതുവരെ ഫയല്‍ മുക്കാന്‍ റവന്യൂ വകുപ്പ് ശ്രമിക്കുന്നുവെന്നാണ് അവരുടെ ആക്ഷേപം. തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തുടങ്ങിയ ഓപറേഷന്‍ അനന്തയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ കിഴക്കേകോട്ടയില്‍ ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള രാജധാനി ബില്‍ഡിങ്‌സ് നിയമവിരുദ്ധമായി നിര്‍മിച്ചതാണെന്ന് ചീഫ് സെക്രട്ടറി കണ്ടെത്തിയിരുന്നു.
അതേസമയം, തന്റെ ഉടമസ്ഥതയിലുള്ള രാജധാനി ബില്‍ഡിങ്‌സ് അനധികൃതമായി നിര്‍മിച്ചതല്ലെന്നാണ് ബിജുരമേശിന്റെ പ്രതികരണം. ബാര്‍ കോഴക്കേസിന്റെ പേരില്‍ ചീഫ് സെക്രട്ടറിയും സര്‍ക്കാരും പകപോക്കുകയാണെന്നും ബിജു രമേശ് കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it