ബിജിമോള്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കണമെന്നു ഹൈക്കോടതി

കൊച്ചി: ഇടുക്കി മുന്‍ എഡിഎമ്മിനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ബിജിമോള്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ കാരണം വ്യക്തമാക്കണമെന്ന് ഹൈക്കോടതി. ക്രിമിനല്‍ കേസില്‍ പ്രതിയായ എംഎല്‍എക്ക് പ്രത്യേക പരിരക്ഷയുണ്ടോയെന്നും ജസ്റ്റിസ് ബി കെമാല്‍പാഷ ആരാഞ്ഞു. ബിജിമോള്‍ എംഎല്‍എ ഒളിവിലായതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ നിലപാടില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ഹൈക്കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി പീരുമേട്ടിലെ എസ്‌റ്റേറ്റ് ഭൂമിയിലെത്തിയ തന്നെ എംഎല്‍എയും സംഘവും കൈയേറ്റം ചെയ്തതായും കേസ് അന്വേഷണം കാര്യക്ഷമമല്ലെന്നും പരാതിപ്പെട്ട് മുന്‍ എഡിഎം മോന്‍സി അലക്‌സാണ്ടര്‍ സമര്‍പ്പിച്ച ഹരജിയാണു കോടതി പരിഗണിച്ചത്.
ഹരജിയെത്തുടര്‍ന്ന് കേസന്വേഷണം ലോക്കല്‍ പോലിസില്‍ നിന്ന് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും പ്രതിയായ എംഎല്‍എയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഹരജിഭാഗം ബോധിപ്പിച്ചു. ഹരജിയില്‍ ഒരാഴ്ചയ്ക്കകം അനേഷണ ഉദ്യോഗസ്ഥന്‍ വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. കോടതി നിര്‍ദേശപ്രകാരം മുണ്ടക്കയം ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടീ എസ്റ്റേറ്റിന്റെ ഗേറ്റ് പുനസ്ഥാപിക്കാനെത്തിയ ഇടുക്കി എഡിഎമ്മായിരുന്ന മോന്‍സി പി അലക്‌സാണ്ടറെ ഇ എസ് ബിജിമോള്‍ കൈയേറ്റം ചെയ്തുവെന്നാണു പരാതി.
Next Story

RELATED STORIES

Share it