ബിജിമോള്‍ എംഎല്‍എയുടെ അറസ്റ്റ്; പോലിസ് റിപോര്‍ട്ട് ഹൈക്കോടതി തള്ളി

കൊച്ചി: എഡിഎമ്മിനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ പ്രതിയായ പീരുമേട് എംഎല്‍എ ഇ എസ് ബിജിമോളെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന പോലിസ് റിപോര്‍ട്ട് ഹൈക്കോടതി തള്ളി. പ്രതിയെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ച അന്വേഷണ ഉദ്യോഗസ്ഥനെതിരേ നടപടി വേണമെന്ന് ജസ്റ്റിസ് ബി കെമാല്‍പാക്ഷ നിരീക്ഷിച്ചു.
10 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്നതും സെഷന്‍സ് കോടതി വിചാരണ ചെയ്യേണ്ടതുമായ കേസിലെ പ്രതിയെ നോട്ടീസയച്ച് വിളിച്ചുവരുത്തി ചോദ്യംചെയ്ത ശേഷം വിട്ടയച്ച അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടി നിയമപരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയെ അറസ്റ്റ് ചെയ്യേണ്ട ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു. സാധാരണക്കാര്‍ പ്രതികളായ സമാന കേസുകളില്‍ പോലിസ് ഈ നിലപാട് സ്വീകരിക്കുമോയെന്നും കോടതി ചോദിച്ചു.
ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ എഡിഎമ്മിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം വരുത്തുകയും കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് ബിജിമോള്‍ എംഎല്‍എയടക്കമുള്ള പ്രതികള്‍ക്കെതിരായ ആരോപണം. നിലവിലെ കേസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതിപ്പെട്ട് അക്രമത്തിനിരയായ എഡിഎം മോന്‍സി അലക്‌സാണ്ടര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. കേസില്‍ ബിജിമോള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വിധിപറയാന്‍ മാറ്റിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it