kannur local

ബിഎസ്എന്‍എല്‍ പരിധിക്കുപുറത്ത്; അധികൃതര്‍ക്കു കുലുക്കമില്ല

ഇരിട്ടി: ബിഎസ്എന്‍എല്‍ മൊബൈല്‍ ഫോണുകള്‍ മലയോരമേഖലയില്‍ മാസങ്ങളായി പരിധിക്കുപുറത്തായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നു പരാതി. മൊബൈല്‍ ടവര്‍ ഉണ്ടെങ്കിലും ഇതില്‍ നിന്നുമുള്ള പ്രസരണം തടസ്സപ്പെട്ടിട്ട് മൂന്നുമാസം കഴിഞ്ഞിട്ടും അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണ്.
വാണിയപ്പാറ മേഖലയിലെ ഉപഭോക്താക്കളാണ് ഇതുമൂലം വലയുന്നത്.
മറ്റു കമ്പനികളുടെയെല്ലാം മൊബൈല്‍ ഫോണുകള്‍ക്ക് ഇവിടെ റെയ്ഞ്ച് ലഭ്യമാണെങ്കിലും ബിഎസ്എന്‍എല്ലിന്റെ അഞ്ഞൂറോളം ഉപഭോക്താക്കളാണ് കഷ്ടത്തിലായിരിക്കുന്നത്. പലതവണ അധികൃര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ലെന്നും അധികൃതരില്‍ ചിലര്‍ മറ്റു മൊബൈലിലേക്ക് മാറാന്‍ ഉപദേശിച്ചതായും നാട്ടുകാര്‍ ആരോപിക്കു. സ്വകാര്യ മൊബൈല്‍ കമ്പനികളെ സഹായിക്കാനാണ് ഇതെന്നാണു ഉപഭോക്താക്കളുടെ ആക്ഷേപം.
അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ദിവസങ്ങള്‍ക്കു മുമ്പ് നാട്ടുകാരായ ഉപഭോക്താക്കള്‍ ബിഎസ്എന്‍എല്‍ ഓഫിസ് ഉപരോധിച്ചിരുന്നു.
അനങ്ങാപ്പാറ നയമാണ് അധികൃതര്‍ തുടരുകയാണെങ്കില്‍ ഇരിട്ടി ബിഎസ്എന്‍എല്‍ ഓഫിസ് ഉപരോധം അടക്കമുള്ള സമരങ്ങളുമായി മുന്നോട്ടുപോവുമെന്നും ഉപഭോക്താക്കള്‍ അറിയിച്ചിരുന്നു. മട്ടന്നൂര്‍ നഗരസഭയിലെ പഴശ്ശി, ഇടപഴശ്ശി പ്രദേശങ്ങളില്‍ ബിഎസ്എന്‍എല്‍ മൊബൈല്‍ ഫോണുകള്‍ക്ക് റെയ്ഞ്ച് ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. ഇക്കാര്യം വ്യക്തമാക്കി 50ഓളം പേര്‍ കണ്ണൂര്‍ ടെലികോം മാനേജര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
ഈ പ്രദേശങ്ങളില്‍ മറ്റു കമ്പനിയുടെ മൊബൈല്‍ ഫോണുകള്‍ക്ക് റെയ്ഞ്ച് ഉണ്ടെങ്കിലും കാലകാലമായി തങ്ങള്‍ ഉപയോഗിക്കുന്ന ബിഎസ്എന്‍എല്‍ മൊബൈല്‍ ഫോണുകള്‍ക്കാണ് റെയ്ഞ്ച് ലഭിക്കാത്തതെന്നാണു പരാതിയില്‍ പറയുന്നത്. ഉരുവച്ചാല്‍ വികസന സമിതിയാണ് പരാതി നല്‍കിയത്.
Next Story

RELATED STORIES

Share it