ബാഴ്‌സയും റയലും കസറി

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഗ്ലാമര്‍ ടീമുകളായ ബാഴ്‌സലോണയ്ക്കും റയല്‍ മാഡ്രിഡിനും തകര്‍പ്പന്‍ ജയം. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ഗ്രാനഡയെ തകര്‍ത്തപ്പോള്‍ മുന്‍ ജേതാക്കളായ റയല്‍ 5-0ന് ഡിപോര്‍ട്ടീവോ ലാ കൊരുണയെ നിഷ്പ്രഭമാക്കുകയായിരുന്നു.
ഹാട്രിക്ക് നേടിയ സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ് ബാഴ്‌സയ്ക്ക് അനായാസ ജയം നേടിക്കൊടുത്തത്. ഫിഫ ബാലണ്‍ ഡിയോര്‍ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് മെസ്സിയുടെ ഹാട്രിക്ക് പ്രകടനം. 8, 14, 58 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. ഈ വര്‍ഷം മെസ്സി നേടുന്ന ആദ്യ ഹാട്രിക്ക് നേട്ടം കൂടിയാണിത്.
ബാലണ്‍ ഡിയോര്‍ പുരസ്‌കാര അന്തിമ പട്ടികയില്‍ ഇടം നേടിയ ബ്രസീലിയന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മറാണ് ബാഴ്‌സയുടെ മറ്റൊരു സ്‌കോറര്‍. 83ാം മിനിറ്റിലാണ് നെയ്മര്‍ ലക്ഷ്യംകണ്ടത്.
ജയത്തോടെ അത്‌ലറ്റികോ മാഡ്രിഡിനെ പിന്തള്ളി ലീഗിലെ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാനും ബാഴ്‌സയ്ക്ക് സാധിച്ചു. എന്നാല്‍, ഇതിഹാസ താരം സിനദിന്‍ സിദാന്റെ കീഴില്‍ ആദ്യ മല്‍സരത്തിനിറങ്ങിയ റയല്‍ ഗരെത് ബേലിന്റെ ഹാട്രിക്കിന്റെയും കരീം ബെന്‍സെമയുടെ ഇരട്ട ഗോളിന്റെയും പിന്‍ബലത്തിലാണ് ഡിപോര്‍ട്ടീവോക്കെതിരേ ഉജ്ജ്വല ജയം സ്വന്തമാക്കിയത്. 22, 49, 63 മിനിറ്റുകളിലായിരുന്നു ബേലിന്റെ ഗോള്‍ നേട്ടം. 15, 90 മിനിറ്റുകളിലാണ് ബെന്‍സെമ ലക്ഷ്യം കണ്ടത്.
18 മല്‍സരങ്ങളില്‍ നിന്ന് 42 പോയിന്റ് നേടിയാണ് ബാഴ്‌സലോണ ലീഗില്‍ ഒന്നാംസ്ഥാനത്തേക്ക് കയറിയത്. ഇത്രയും മല്‍സരങ്ങളില്‍ നിന്ന് 41 പോയിന്റുമായി അത്‌ലറ്റികോ തൊട്ടുപിന്നിലുണ്ട്. ബാഴ്‌സ, അത്‌ലറ്റികോ എന്നിവരേക്കാളും ഒരു മല്‍സരം കൂടുതല്‍ കളിച്ച റയല്‍ 40 പോയിന്റുമായാണ് മൂന്നാം സ്ഥാനത്ത് തുടരുന്നത്.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ സെവിയ്യ 2-0ന് അത്‌ലറ്റിക് ബില്‍ബാവോയെയും ഗെറ്റാഫെ 1-0ന് ബെറ്റിസിനെയും ലെവന്റെ 2-1ന് റയോ വല്ലെക്കാനോയെയും തോല്‍പ്പിച്ചു.
Next Story

RELATED STORIES

Share it