Pravasi

ബാലി ജനാധിപത്യ ഫോറത്തില്‍ ഖത്തര്‍ പങ്കെടുത്തു

ദോഹ: ഇന്തോനീസ്യയിലെ ബാലിയില്‍ നടക്കുന്ന ജനാധിപത്യ ഫോറത്തില്‍ ഖത്തര്‍ പങ്കെടുത്തു. വിദേശകാര്യ സഹമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ റുമൈഹിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫോറത്തില്‍ ഖത്തറിനെ പ്രതിനിധീകരിക്കുന്നത്. ജനാധിപത്യവും ശരിയായ പൊതു ഭരണവും എന്ന മുദ്രാവാക്യത്തിലാണ് ഈപ്രാവശ്യത്തെ ജനാധിപത്യ ഫോറം നടക്കുന്നത്. ജാനാധിപത്യം സ്ഥാപിക്കുന്നതിന് നേരിടുന്ന പ്രശ്‌നങ്ങളും ഏഷ്യയിലും പസഫിക് മേഖലകളിലും നിയമം ശരിയായ വിധം നടപ്പിലാക്കുന്നതിനുള്ള മാര്‍ഗങ്ങളും ഇതോടനുബന്ധിച്ചുണ്ടാവുന്ന വെല്ലുവിളികളുമാണ് ഫോറത്തില്‍ ചര്‍ച്ചചെയ്യുന്നത്. ജനാധിപത്യം സ്ഥാപിക്കുന്നതിനുള്ള ഭാവിയിലെ സാധ്യതകളെക്കുറിച്ചും അതിന്റെ ലക്ഷ്യത്തെക്കുറിച്ചും ഫോറത്തില്‍ ചര്‍ച്ച ചെയ്യും. 2008 മുതല്‍ ഇന്തോനീസ്യ സംഘടിപ്പിക്കുന്ന പരിപാടിയാണ് ബാലി ജാനാധിപത്യ ഫോറം. ഏഷ്യ പസഫിക് മേഖലകളിലെ വിവിധ സര്‍ക്കാറുകള്‍ പങ്കെടുക്കുന്ന ജനാധിപത്യ വികസനം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്ന ഓപണ്‍ ഫോറമാണ് ബാലി ജനാധിപത്യ ഫോറം.
ചര്‍ച്ചകളിലൂടെ സമാധാനം, ജനാധിപത്യം എന്നീവിഷയത്തില്‍ മേഖലയിലും അന്താരാഷ്ട്ര തലത്തിലുമുള്ള സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് ഫോറം ലക്ഷ്യമിടുന്നത്. ഫോറത്തില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍ തങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും പരസ്പരം പങ്കുവയ്ക്കുകയും കൈമാറുകയും ചെയ്യുന്നു.
Next Story

RELATED STORIES

Share it