ബാലവിവാഹം കൂടുതല്‍ ഹിന്ദുക്കളിലെന്ന് സെന്‍സസ് രേഖ

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ ബാലവിവാഹം നടക്കുന്നത് ഹിന്ദുക്കളിലാണെന്ന് സെന്‍സസ് രേഖ. ഹിന്ദുക്കളിലെ 31.3 ശതമാനം സ്ത്രീകളും മുസ്‌ലിംകളിലെ 30.6 ശതമാനം സ്ത്രീകളും 17 വയസ്സിനു മുമ്പ് വിവാഹിതരായവരാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സെന്‍സസ് രേഖകള്‍ പറയുന്നു. ഇതില്‍ 10 വയസ്സിനു മുമ്പ് വിവാഹിതരായവരും പലരും ഉള്‍പ്പെടും. ഇന്ത്യയില്‍ നിയമപ്രകാരം സ്ത്രീകളുടെ വിവാഹപ്രായം 18 വയസ്സും പുരുഷന്റേത് 21 മാണ്. ഈ പ്രായത്തിനു മുമ്പ് നടന്ന വിവാഹങ്ങളൊക്കെയും ബാലവിവാഹങ്ങളായി പരിഗണിക്കും. ഹിന്ദുമതത്തിലെ ആറുശതമാനം പേരും 10 വയസ്സിനു മുമ്പേ വിവാഹിതരായവരാണെന്ന് രേഖ പറയുന്നു. മുസ്‌ലിം സ്ത്രീകളില്‍ ഇത് അഞ്ചുശതമാനമാണ്. അതേസമയം, സിഖ്, ക്രിസ്ത്യന്‍, ബുദ്ധ, ജൈന മതവിശ്വാസികളില്‍ ബാലവിവാഹം വളരെ കുറവാണ്. ആറുശതമാനം മാത്രമാണ് ഈ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ നേരത്തേ വിവാഹം കഴിച്ചതായി റിപോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍, ബാലവിവാഹത്തില്‍ കാര്യമായ കുറവുണ്ടെന്നും അതു മുസ്‌ലിംകളിലേതിനേക്കാള്‍ ഹിന്ദുക്കളിലാണ് കുറഞ്ഞുവരുന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നു. മൊത്തം ഹിന്ദു സ്ത്രീകളില്‍ 18 വയസ്സിനു മുമ്പായി വിവാഹം ചെയ്തര്‍ 31.3 ശതമാനം ആണെങ്കില്‍ 2001-11 കാലയളവില്‍ പ്രായപൂര്‍ത്തിയാവാതെ വിവാഹിതരായവര്‍ 20 ശതമാനം മാത്രമേയുള്ളൂ. മുസ്‌ലിംകളില്‍ ഇത് 30.6ഉം 24ഉം ആണ്. ബുദ്ധമതക്കാര്‍ (27, 24), ജൈനര്‍ (16.2, 3), ക്രിസ്ത്യ ന്‍ (12, 7), സിഖ് (10.9, 6) എന്നിവരിലും ബാലവിവാഹം കുറഞ്ഞുവരുന്നുണ്ട്. രാജ്യത്ത് ബാലവിവാഹത്തിനെതിരേ ശക്തമായ പ്രചാരണം ദശകങ്ങള്‍ക്കു മുമ്പേ തുടങ്ങിയിട്ടുണ്ടെങ്കിലും ഇതിപ്പോഴും നടക്കുന്നുണ്ടെന്ന് സിഎസ്ആര്‍ ഡയറക്ടര്‍ രഞ്ജനാ കുമാരി പറഞ്ഞു. ബാലവിവാഹത്തിനെതിരേ നിലവില്‍ രാജ്യത്തുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കിയാല്‍ ഇക്കാര്യത്തില്‍ നല്ല കുറവുവരുമെന്നും അവര്‍ പറഞ്ഞു. 2006ലെ ബാലവിവാഹ വിരുദ്ധ നിയമപ്രകാരം രാജ്യത്താകെ 2014ല്‍ 280 കേസുകളാണ് റിപോ ര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍, ഇന്ത്യയില്‍ ആ വര്‍ഷം ഇതിന്റെ എത്രയോ ഇരട്ടി ബാലവിവാഹങ്ങള്‍ നടന്നതായി ബാലാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. 1929ല്‍ ബ്രിട്ടിഷുകാരുടെ കാലത്താണ് ഇന്ത്യയില്‍ ബാലവിവാഹം നിരോധിക്കുന്നത്. അന്ന് പെണ്‍കുട്ടികളുടെ വയസ്സ് 14ഉം ആണ്‍കുട്ടികളുടെത് 18ഉം ആക്കി. പിന്നീട് 2006ലാണ് പെ ണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആയി ഉയര്‍ത്തിയത്.
Next Story

RELATED STORIES

Share it