ബാലനീതി ബില്ല് രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി; ഇനി 16 വയസ്സ്

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: 16 വയസ്സ് പൂര്‍ത്തിയാക്കിയ കുട്ടി ഹീനമായ കുറ്റകൃത്യം നടത്തിയാല്‍ മുതിര്‍ന്നവരെപ്പോലെ പരിഗണിച്ച് വിചാരണ നടത്തുന്നത് അടക്കമുള്ള ഭേദഗതികള്‍ ഉള്‍പ്പെടുത്തി ജുവനൈല്‍ ജസ്റ്റിസ് (ബാലനീതി) ബില്ല് രാജ്യസഭ പാസാക്കി. ബില്ലിന്‍മേലുള്ള ചര്‍ച്ച പൂര്‍ത്തിയാക്കിയ രാജ്യസഭ ശബ്ദവോട്ടോടെയാണ് ബില്ല് പാസാക്കിയത്.
പുതിയ നിയമപ്രകാരം 16 വയസ്സ് പൂര്‍ത്തിയായ കുട്ടി ഹീനമായ കുറ്റങ്ങള്‍ ചെയ്താല്‍ മുതിര്‍ന്നവനായി പരിഗണിച്ച് വിചാരണ നടത്തും. ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട ജ്യോതി സിങിന്റെ മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് രാജ്യസഭ ബില്ല് പാസാക്കിയത്. ബില്ലിനു രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അംഗീകാരം ലഭിച്ചാല്‍ നിയമമാവും. എന്നാല്‍, ബില്ല് മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി എം വെങ്കയ്യ നായിഡു പറഞ്ഞു.
കുറഞ്ഞത് ഏഴു വര്‍ഷമെങ്കിലും തടവുശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളെയാണ് ക്രൂരമായ കുറ്റകൃത്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഗൗരവം കുറഞ്ഞ കുറ്റം ചെയ്ത കുട്ടിക്കുറ്റവാളികളെ ആവശ്യമെങ്കില്‍ 21 വയസ്സിനു ശേഷം മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണ നടത്താം.
കഴിഞ്ഞ വര്‍ഷം തയ്യാറാക്കപ്പെട്ട ബില്ല് ഈ മെയില്‍ ലോക്‌സഭ പാസാക്കിയിരുന്നു. 2000ല്‍ പാസാക്കിയ നിലവില്‍ പ്രാബല്യത്തിലുള്ള ജുവനൈല്‍ ജസ്റ്റിസ് ആക്ടിനു പകരമായാണ് ഇപ്പോഴത്തെ ബില്ല്. രാജ്യത്തെ മുഴുവന്‍ ജില്ലകളിലും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് സ്ഥാപിക്കും. രണ്ടു സാമൂഹിക പ്രവര്‍ത്തകരടക്കം മൂന്നു പേരടങ്ങിയ ബോര്‍ഡില്‍ മൂന്നാമത്തെ അംഗം മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റോ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റോ ആയിരിക്കും. കുട്ടികള്‍ കുറ്റവാളികളാകുന്ന കേസുകളില്‍ നിയമസഹായം നല്‍കുക, അവര്‍ മുതിര്‍ന്നവരെപ്പോലെ വിചാരണ ചെയ്യപ്പെടാന്‍ അര്‍ഹരാണോ എന്ന് പ്രാഥമിക അന്വേഷണം നടത്തുക തുടങ്ങിയവ ബോര്‍ഡിന്റെ ഉത്തരവാദിത്തമാണ്.
പ്രത്യേക ശിശു കോടതികള്‍, എല്ലാ ജില്ലയിലും പ്രത്യേക ജുവനൈല്‍ പോലിസ് യൂനിറ്റുകള്‍, എല്ലാ പോലിസ് സ്‌റ്റേഷനിലും ശിശുക്ഷേമ പോലിസ് ഉദ്യോഗസ്ഥന്‍ എന്നിവരെ നിയമിക്കും. ഓരോ ജില്ലയിലും ഒന്നോ അതിലധികമോ ശിശുക്ഷേമ കമ്മിറ്റികള്‍ രൂപീകരിക്കും.
അതേസമയം, നേരത്തേ ബില്ലിനെ എതിര്‍ത്തിരുന്ന കോണ്‍ഗ്രസ് ഇന്നലെ ബില്ലിനെ പിന്തുണച്ചു. ബില്ല് തിടുക്കത്തില്‍ പാസാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. പ്രായം കുറച്ചതുകൊണ്ട് പ്രശ്‌നം പരിഹരിക്കാനാവില്ലെന്ന് സിപിഎം അംഗം സീതാറാം യെച്ചൂരി വ്യക്തമാക്കി. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടാത്തതില്‍ പ്രതിഷേധിച്ച് സിപിഎം അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
Next Story

RELATED STORIES

Share it