Editorial

ബാലനിയമ ഭേദഗതി അഭികാമ്യമോ?

പതിനാറിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവരെ മുതിര്‍ന്നവരുടെ കോടതികളില്‍ വിചാരണ ചെയ്യാനുള്ള നിയമ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയിരിക്കുകയാണ്. ബില്ലിലെ പല വ്യവസ്ഥകളോടും പാര്‍ലമെന്റ് സ്ഥിരംസമിതിക്കുള്ള എതിര്‍പ്പ് പരിഗണിക്കാതെയാണ് നിയമം ഭേദഗതി ചെയ്തിട്ടുള്ളത്. ഭേദഗതി സെലക്ട് കമ്മിറ്റിക്ക് അയക്കണമെന്നായിരുന്നു സിപിഎമ്മും എന്‍സിപിയും കോണ്‍ഗ്രസ്സുമൊക്കെ ആവശ്യപ്പെട്ടിരുന്നതെങ്കിലും പ്രസ്തുത ആവശ്യത്തില്‍ ഈ കക്ഷികളൊന്നും ഉറച്ചുനിന്നില്ല. സിപിഎം അംഗങ്ങള്‍ മാത്രം വോട്ടെടുപ്പുവേളയില്‍ പുറത്തുപോയി.
സാമാന്യമായി പറഞ്ഞാല്‍, സുപ്രധാനമായ ഒരു നിയമ ഭേദഗതി കൊണ്ടുവരുന്നതിന്റെ ശരിതെറ്റുകളോ ന്യായാന്യായങ്ങളോ ഔചിത്യാനൗചിത്യങ്ങളോ അല്ല പരിഗണിക്കപ്പെട്ടത്; പൊതുവികാരമെന്നു വിശേഷിപ്പിക്കപ്പെടുന്ന ചില മനോവ്യാപാരങ്ങളാണ്. 2012ല്‍ നടന്ന ഡല്‍ഹി ബലാല്‍സംഗക്കേസിലെ പ്രായപൂര്‍ത്തി എത്തിയിട്ടില്ലാത്ത പ്രതിയെ വിട്ടയക്കുന്ന നടപടിയുടെ പശ്ചാത്തലത്തിലാണ് ഈ പൊതുവികാരം രൂപപ്പെട്ടത്. കേന്ദ്രമന്ത്രി മേനകാഗാന്ധിയുടെ ആവേശവും ഈ യുവതിയുടെ മാതാപിതാക്കള്‍ നടത്തിയ ആസൂത്രിത നീക്കങ്ങളുമെല്ലാം ചേര്‍ന്നപ്പോള്‍ പൊതുവികാര രൂപീകരണം എളുപ്പമാവുകയും ചെയ്തു.
ഡല്‍ഹി ബലാല്‍സംഗക്കേസിലെ പ്രായപൂര്‍ത്തി എത്തിയിട്ടില്ലാത്ത പ്രതി ചെയ്ത കുറ്റം അത്യന്തം ഹീനമാണെന്നു സമ്മതിക്കുന്നു. പക്ഷേ, അയാളുടെ ചോരയ്ക്കു വേണ്ടി ദാഹിക്കുന്നവര്‍ കുറ്റകൃത്യത്തിന്റെ ഗൗരവത്തേക്കാള്‍ മറ്റു ചില കാര്യങ്ങളാണ് പരിഗണിച്ചത്. മുസ്‌ലിം സമുദായാംഗമായ അയാള്‍ ജയിലില്‍ വച്ച് മതഭക്തിയുടെ വഴിയിലേക്കു തിരിയുകയും പരോപകാര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു; താടി വളര്‍ത്തി. യുവാവ് ഭീകരവാദിയായി മാറുമോ എന്നായി പലരുടെയും സംശയം. ഈ ആശങ്കയുടെ കൂടി അടിസ്ഥാനത്തിലാണ് കുട്ടിക്കുറ്റവാളികള്‍ക്കെതിരായ പൊതുവികാരം രൂപപ്പെട്ടതും നിയമ ഭേദഗതിയില്‍ കാര്യങ്ങള്‍ അതിവേഗം എത്തിച്ചേര്‍ന്നതും. നിയമനിര്‍മാണം വികാരപരമായ പരിഗണനകളുടെ അടിസ്ഥാനത്തില്‍ നടത്തുന്നത് ചില തെറ്റായ സന്ദേശങ്ങളാണ് നല്‍കുന്നത്; അതിനു നിമിത്തമാവുന്നത് ഏതു പൊതുബോധമാണെങ്കിലും.
പുതിയ ഭേദഗതിയനുസരിച്ച് ഇനിമേല്‍ ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന 16 വയസ്സുകാരും മുതിര്‍ന്നവരായി ഗണിക്കപ്പെടും. അപ്പോള്‍ 16ല്‍ കുറഞ്ഞ പ്രായമുള്ളവര്‍ കൊടുംക്രൂരതകള്‍ ചെയ്താലോ? അവരെ ശിക്ഷിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ല. ഇത്തരം കാര്യങ്ങളൊന്നും കണക്കിലെടുക്കാതെ ചില സമ്മര്‍ദ്ദങ്ങളുടെ പേരില്‍ നിയമങ്ങള്‍ തട്ടിക്കൂട്ടുന്നത് ശരിയായ രീതിയല്ല. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിന്റെ മാനദണ്ഡം രൂപപ്പെടുത്തുന്ന പ്രക്രിയയില്‍ ഒരുവശത്ത് പ്രായം കുറച്ചുകൊണ്ടുവരുമ്പോള്‍, വിവാഹപ്രായത്തിന്റെ കാര്യത്തില്‍ നേരെ എതിര്‍സമീപനമാണ് ഈ പൊതുവികാരക്കാര്‍ പുലര്‍ത്തുന്നത് എന്നതും കൗതുകകരമാണ്. മുസ്‌ലിം യുവതികളുടെ വിവാഹപ്രായം 18 ആക്കി നിജപ്പെടുത്തുന്നതിനോട് ചില മുസ്‌ലിം സംഘടനകള്‍ പ്രകടിപ്പിച്ച എതിര്‍പ്പിനെ പ്രാകൃതമെന്നു വിമര്‍ശിച്ചവരാണ് ഇപ്പോള്‍ 18 അല്ല, 16 ആണ് പ്രായപൂര്‍ത്തിക്കു വേണ്ട വയെസ്സന്നു വാദിക്കുന്നത്.
ഓരോരുത്തരും താന്താങ്ങളുടെ സൗകര്യമനുസരിച്ച് നിയമങ്ങള്‍ വ്യാഖ്യാനിക്കുന്നുവെന്നേ ഇതിനെപ്പറ്റി പറയാന്‍ പറ്റൂ. തീര്‍ച്ചയായും നല്ല നിയമനിര്‍മാണരീതിയല്ല ഇത്.
Next Story

RELATED STORIES

Share it