ബാറ്റണുകള്‍ കൈമാറി സമവാക്യങ്ങള്‍ മാറ്റിമറിച്ചു

കോഴിക്കോട്: ട്രാക്കില്‍ വേഗതയുടെ അഗ്നി പടര്‍ത്തിയാണ് അവസാന ദിനത്തിലെ ഗ്ലാമര്‍ ഇനമായ സീനിയര്‍ വിഭാഗം പുരുഷ-വനിതാ വിഭാഗത്തിലെ 4-400 മീറ്റര്‍ റിലേയില്‍ കൗമാര താരങ്ങള്‍ ബാറ്റണുകള്‍ കൈമാറിയത്. പതിവ് സമവാക്യങ്ങള്‍ മാറി മറിഞ്ഞ മല്‍സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരവും ഉഷ സ്‌കൂള്‍ താരങ്ങളുടെ കരുത്തില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടും സ്വര്‍ണം സ്വന്തമാക്കി.
റിലേയില്‍ പ്രതീക്ഷകളൊന്നുമില്ലാതിരുന്ന തിരുവനന്തപുരത്തിന് വേണ്ടി അലിഫ് നിസാം, അമീഷ് മോഹന്‍, അല്‍അമീന്‍, സജ്ഞു എന്നിവരാണ് മല്‍സരിക്കാനിറങ്ങിയത്. 3.19 സെക്കന്റിലാണ് തിരുവനന്തപുരത്തിന്റെ താരങ്ങള്‍ ഫിനിഷ് ചെയ്തത്. ആറാമത്തെ ട്രാക്കില്‍ മല്‍സരിക്കാനിറങ്ങി ആദ്യ റൗണ്ടുകളില്‍ പിന്നാക്കം പോയ ശേഷം അവസാന ലാപ്പിലെ കുതിപ്പിലാണ് അനന്തപുരിയുടെ താരങ്ങള്‍ വിജയശ്രീലാളിതരായത്. ഈയിനത്തില്‍ മലപ്പുറം വെള്ളിയും പാലക്കാട് വെങ്കലവും കരസ്ഥമാക്കി.
ഉഷ സ്‌കൂള്‍ താരങ്ങളുടെ കരുത്തില്‍ പ്രതീക്ഷകളോടെ തന്നെയായിരുന്നു ആതിഥേയര്‍ ബാറ്റണേന്തിയത്. മീറ്റിലെ വേഗറാണിയായ ജിസ്‌ന മാത്യു, അബിത മേരി മാനുവല്‍, ഷഹര്‍ബാനാ സിദ്ദിഖ്, ഷബ്‌നാ ബാനു എന്നിവരാണ് കോഴിക്കോടിനു വേണ്ടി കളത്തിലിറങ്ങിയത്. ആദ്യ ലാപ്പില്‍ എറണാകുളത്തിന്റെ മുന്നേറ്റത്തിനായിരുന്നു സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. എന്നാല്‍ അവസാന മൂന്നു ലാപ്പുകളില്‍ ഓടിയ ഉഷയുടെ ശിഷ്യഗണങ്ങള്‍ വിജയം തട്ടിയെടുത്തു. തിരുവനന്തപുരവും പാലക്കാടുമാണ് യഥാക്രമം വെള്ളിയും വെങ്കലവും സ്വന്തമാക്കിയത്.
Next Story

RELATED STORIES

Share it