ബാറുടമകളുടെ നിസ്സഹകരണം; ബാര്‍കോഴയിലെ തുടരന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് നീക്കം

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ ബാറുടമകളുടെ മൊഴി വീണ്ടുമെടുക്കാതെ കെ എം മാണിക്കെതിരായ തുടരന്വേഷണം അവസാനിപ്പിക്കാന്‍ കഴിയുമോയെന്നത് വിജിലന്‍സ് പരിശോധിക്കുന്നു. ബാറുടമകള്‍ മൊഴി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് അവസാനിപ്പിക്കാനുള്ള നിയമസാധുത വിജിലന്‍സ് തേടുന്നത്. ബാറുടമകള്‍ തെളിവെടുപ്പുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ വിജിലന്‍സ് റിപോര്‍ട്ട് നല്‍കിയേക്കും. ഇനിയും സമയം നീട്ടിനല്‍കാനാവില്ലെന്ന് വിജിലന്‍സ് എസ്പി ആര്‍ സുകേശന്‍ ബാറുടമകളെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
തെളിവെടുപ്പിനായി പലതവണ നോട്ടീസ് നല്‍കിയിട്ടും ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി അടക്കമുള്ളവര്‍ ഒരു മാസംകൂടി സമയം വേണമെന്നാണ് വിജിലന്‍സിനോട് ആവശ്യപ്പെട്ടത്.
മൊഴി നല്‍കുന്നതിന് ബാറുടമകള്‍ തുടര്‍ച്ചയായി സമയം നീട്ടിച്ചോദിക്കുന്നത് അന്വേഷണത്തെ ബാധിക്കുന്നതിനാല്‍ എത്രയും വേഗം അന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കാനുള്ള നീക്കത്തിലാണ് വിജിലന്‍സ്. തിരുവനന്തപുരം വിജിലന്‍സ് കോടതി തുടരന്വേഷണം ഉത്തരവിട്ട് രണ്ടുമാസം പിന്നിടുമ്പോഴും ബാര്‍കോഴ കേസില്‍ അന്വേഷണം ഇഴയുകയാണ്. ഹൈക്കോടതിയിലെ അപ്പീലുകള്‍ ഉള്‍പ്പടെയുള്ള നിയമക്കുരുക്കുകള്‍ തുടരന്വേഷണത്തെ ആദ്യം ബാധിച്ചു. ഇപ്പോള്‍ ബാര്‍ ഉടമകളുടെ നിസ്സഹകരണമാണ് വിജിലന്‍സിനെ കുഴയ്ക്കുന്നത്. ഈ സാഹചര്യത്തില്‍ ബാറുടമകള്‍ മൊഴി നല്‍കിയില്ലെങ്കില്‍ അവരെ ഒഴിവാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കും. ബിജുരമേശ് ഹാജരാക്കിയ സിഡി അടക്കമുള്ള തെളിവുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മറ്റു നിര്‍ണായക സാക്ഷികളുടെ മൊഴികള്‍ വീണ്ടും രേഖപ്പെടുത്തിയിട്ടുമുണ്ട്. ഫോറന്‍സിക് പരിശോധനാഫലം വരുന്ന മുറയ്ക്ക് റിപോര്‍ട്ട് നല്‍കാനാണ് ശ്രമം.
ബാറുടമകളും കെ എം മാണിയും തമ്മില്‍ പാലായിലെ വീട്ടില്‍ വച്ചുനടന്ന രണ്ടാമത്തെ കൂടിക്കാഴ്ചയുടെ തിയ്യതിയില്‍ വ്യക്തത വരുത്താനാണ് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളോട് മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടത്. ആദ്യം സുപ്രിംകോടതി ഉത്തരവിനായി കാത്തിരുന്ന ബാറുടമകള്‍ വിധി വന്നിട്ടും മൊഴി നല്‍കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് വിജിലന്‍സ് നോട്ടീസ് നല്‍കിയത്.
Next Story

RELATED STORIES

Share it