Kerala

ബാറുകള്‍ പൂട്ടി എന്ന പ്രചാരണം തെറ്റ്: മന്ത്രി ടി പി രാമകൃഷ്ണന്‍

ബാറുകള്‍ പൂട്ടി എന്ന പ്രചാരണം തെറ്റ്:  മന്ത്രി ടി പി രാമകൃഷ്ണന്‍
X
tpramakrishnan

കോഴിക്കോട്: സംസ്ഥാനത്ത്  കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ബാറുകള്‍ പൂട്ടി എന്ന പ്രചാരണം തെറ്റാണെന്നും ബാറുകള്‍ ശരിക്കും പൂട്ടിയിട്ടില്ലെന്നും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. അവിടെ ലിക്കര്‍ ഒഴിവാക്കിയെന്നേയുള്ളൂ. വൈന്‍ വിതരണം നടക്കുന്നുണ്ട്. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ ഇതുവഴി സാധിച്ചിട്ടില്ല. മദ്യ ഉപഭോഗം കുറയ്ക്കുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം. ഇതിനായി വിദ്യാര്‍ഥികളെ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. മന്ത്രിയായ ശേഷം ആദ്യമായി കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂട്ടിയ ബാറുകള്‍ ഒന്നും തുറക്കില്ല. ബാറുകളില്‍ നിലവിലുള്ള സ്ഥിതി തുടരും. ത്രീസ്റ്റാര്‍ ബാറുകള്‍  ഫൈവ് സ്റ്റാറാക്കാന്‍ അപേക്ഷ നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. പുതിയ മദ്യനയം വേണോ എന്ന കാര്യം ഇടതുമുന്നണി നേതൃത്വമാണ് ആലോചിക്കേണ്ടത്. മദ്യ നയത്തിന്റെ പ്രായോഗികത പരിശോധിക്കും. മയക്കുമരുന്ന് ഉള്‍പ്പെടെ ലഹരി പദാര്‍ഥങ്ങളുടെ ഉപഭോഗം തടയാന്‍ ശക്തമായ നടപടി സ്വീകരിക്കും. ലഹരി കടത്ത് തടയാന്‍ എക്‌സൈസ് വകുപ്പിനെകൊണ്ട് മാത്രം കഴിയില്ലെങ്കില്‍ മറ്റ് സംവിധാനങ്ങള്‍ ആലോചിക്കും. തോട്ടം മേഖലയില്‍ ഉള്‍പ്പെടെ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. തൊഴിലാളി-തൊഴിലുടമ ബന്ധം മെച്ചപ്പെടുത്തും. എല്ലാ വിഷയങ്ങളിലും തൊഴിലാളി പക്ഷത്തു നിന്ന് നിലപാടെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലാപ്പറമ്പ് എയുപി സ്‌കൂള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it