Sports

ബാര്‍ ലൈസന്‍സ്: മന്ത്രിസഭാ കുറിപ്പ് തിരുത്തിയത് അന്വേഷിക്കണമെന്ന് കോടിയേരി

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു.
ബാറുടമകള്‍ക്കുവേണ്ടി മന്ത്രിസഭാ കുറിപ്പില്‍ തിരുത്തല്‍ വരുത്തിയതിനെക്കുറിച്ച് നിയമസഭാ സമിതി അന്വേഷിക്കണം. എക്‌സൈസ് മന്ത്രി കെ ബാബു ഏകപക്ഷീയമായാണ് തീരുമാനമെടുത്തത്. ഒന്നര മാസത്തിനുശേഷമാണ് മന്ത്രിസഭയുടെ അനുമതി തേടിയത്. നടപടിക്രങ്ങള്‍ പാലിക്കാതെയും നിയമവകുപ്പിന്റെയും സബ്ജക്റ്റ് കമ്മിറ്റിയുടെയും അനുമതിയില്ലാതെയുമാണ് ചട്ടഭേദഗതികള്‍ വരുത്തിയതെന്നും കോടിയേരി കുറ്റപ്പെടുത്തി.
ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കെ ബാബു നിയമസഭയുടെ മേശപ്പുറത്തു വച്ച നടപടിക്രമങ്ങളുടെ രേഖകള്‍ സംബന്ധിച്ച് ക്രമപ്രശ്‌നം ഉന്നയിക്കുകയായിരുന്നു കോടിയേരി. ലൈസന്‍സ് ഫീസ് 25 ലക്ഷമാക്കാനുള്ള നികുതി സെക്രട്ടറിയുടെ കുറിപ്പ് മറികടന്നാണ് ഫീസ് 23 ലക്ഷമായി കുറച്ചതെന്ന് കോടിയേരി ആരോപിച്ചു.
അടിയന്തരപ്രാധാന്യമുള്ളതിനാലാണ് ഇത്തരത്തില്‍ തീരുമാനമെടുത്തതെന്നാണ് മന്ത്രിയുടെ വിശദീകരണം. എന്നാല്‍, അടിയന്തരപ്രാധാന്യത്തോടെ എടുത്ത തീരുമാനം ഒന്നരമാസം കഴിഞ്ഞാണോ മന്ത്രിസഭയില്‍ അറിയിക്കുന്നതെന്ന് കോടിയേരി ചോദിച്ചു. മന്ത്രിസഭ അറിയാതെ ലൈസന്‍സ് ഫീ നിശ്ചയിച്ച് ഉത്തരവിറക്കുകയായിരുന്നെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
അതേസമയം, ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ കുറിപ്പില്‍ യാതൊരു തിരുത്തലും വരുത്തിയിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി കെ ബാബു മറുപടി നല്‍കി. പുകമറ സൃഷ്ടിക്കാനാണ് പുതിയ ആരോപണം. അടിയന്തര സാഹചര്യമുള്ളതിനാലാണ് എക്‌സൈസ് വകുപ്പ് ഉത്തരവിറക്കിയത്. ഇതിന് മുഖ്യമന്ത്രിയുടെ അംഗീകാരവുമുണ്ടായിരുന്നു. ചട്ടത്തിലെ ചില നമ്പറുകളിലെ പിശകിലാണ് ഭേദഗതി വരുത്തിയത്. അതിന് നിയമവകുപ്പിന്റെ അംഗീകാരം ആവശ്യമില്ലെന്നും ബാബു പറഞ്ഞു.
Next Story

RELATED STORIES

Share it