ബാര്‍ ലൈസന്‍സ്: കെ ബാബുവിനെതിരേ വീണ്ടും വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായിരുന്ന മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരേ വീണ്ടും വിജിലന്‍സ് അന്വേഷണം. ദ്രുതപരിശോധന നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉത്തരവിട്ടു. ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തില്‍ ബാബുവിനെതിരേ രണ്ടാമത്തെ ദ്രുതപരിശോധനയാണു വിജിലന്‍സ് നടത്തുന്നത്. പാലക്കാട്ടെ വിവാദ വ്യവസായി വി എം രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബാര്‍ ഹോട്ടലുടമകളുടെ സംഘടന നല്‍കിയ പരാതിയിലാണു നടപടി.
എക്‌സൈസ് മന്ത്രിയായിരിക്കെ ബാബുവിന്റെ നിര്‍ദേശപ്രകാരം ബാര്‍ ഹോട്ടലുടമകളില്‍ നിന്നു പണം പിരിച്ചെന്നും ലൈസന്‍സ് ഫീസ് കുറച്ചുനല്‍കിയെന്നുമാണു പ്രധാന ആരോപണം. ബാര്‍ ലൈസന്‍സുകള്‍ നല്‍കുന്നതിലും ചട്ടങ്ങള്‍ ഭേദഗതി ചെയ്തതിലും മദ്യനയം രൂപീകരിച്ചതിലും അഴിമതി നടന്നതായും ആക്ഷേപമുണ്ട്. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ഇടനിലക്കാരായി പല ഇടപാടുകളും നടത്തി. എക്‌സൈസ് മന്ത്രിയായിരിക്കെ ബിനാമികളുടെ സഹായത്തോടെ ബാബു 100 കോടിയിലധികം രൂപ നിയമവിരുദ്ധമായി സമ്പാദിച്ചു, യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം എക്‌സൈസ് മന്ത്രിയും വകുപ്പും ചേര്‍ന്ന് സാമ്പത്തിക ലാഭത്തിനായി ദുരുപയോഗം ചെയ്തു, ബിയര്‍-വൈന്‍ പാര്‍ലറുകളുടെ ലൈസന്‍സ് അനുവദിക്കുന്നതിനു ബിനാമികളെ ഉപയോഗിച്ച് വന്‍ തുക ഹോട്ടലുടമകളില്‍ നിന്നു കൈപ്പറ്റി തുടങ്ങിയ ആരോപണങ്ങളും പരാതിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ എറണാകുളം റേഞ്ചിന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. നേരത്തെ ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ബാറുടമ ബിജു രമേശിന്റെ പരാതിയില്‍ കെ ബാബുവിനെതിരേ വിജിലന്‍സ് ദ്രുതപരിശോധന നടത്തിയിരുന്നു. ലൈസന്‍സ് ഫീസ് 30 ലക്ഷത്തില്‍ നിന്ന് 23 ലക്ഷമാക്കുന്നതിന് 10 കോടി രൂപ കോഴ നല്‍കിയെന്ന ബിജുവിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നായിരുന്നു അന്വേഷണസംഘത്തിന്റെ നിലപാട്. തുടര്‍ന്ന് ബിജു രമേശിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് എസ്പി നിശാന്തിനി നടത്തിയ അന്വേഷണത്തില്‍ ബാബുവിനെ കുറ്റവിമുക്തനാക്കി. ഈ റിപോര്‍ട്ട് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണു പുതിയ അന്വേഷണം.
എന്നാല്‍, ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ബാറുടമയായ വി എം രാധാകൃഷ്ണനു ബാര്‍ ലൈസന്‍സ് നല്‍കാത്തതിലെ പരിഭവമാണു പരാതിക്കു കാരണമെന്നും കെ ബാബു പ്രതികരിച്ചു.
യുഡിഎഫ് മദ്യനയത്തിന് അനുസൃതമായി മാത്രമേ തീരുമാനങ്ങള്‍ എടുത്തിട്ടുള്ളൂ. ബിയര്‍-വൈന്‍ പാര്‍ലര്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വി എം രാധാകൃഷ്ണനു പരാതി ഉണ്ടായിരുന്നു. പെരുമാറ്റച്ചട്ടം നിലനിന്ന സമയത്താണ് രാധാകൃഷ്ണന്‍ ലൈസന്‍സിനായി സമീപിച്ചത്. ഇതു സാധ്യമല്ലെന്ന് അന്നേ പറഞ്ഞിരുന്നുവെന്നും കെ ബാബു വ്യക്തമാക്കി.
നീതി ലഭിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെ ബാബുവിനെതിരേ പരാതി നല്‍കാതിരുന്നതെന്ന് വി എം രാധാകൃഷ്ണന്‍ പറഞ്ഞു. അന്വേഷിച്ചാല്‍ തെളിവുകള്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുതന്നെ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it