ബാര്‍ കോഴ: വിജിലന്‍സ് വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: മുന്‍ മന്ത്രി കെ ബാബുവിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ വിജിലന്‍സ് കോടതി കേസ് പരിഗണിച്ചത് പരിധിവിട്ട നടപടിയാണെന്നു ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ എം ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തള്ളിയത്. വിജിലിന്‍സ് കോടതി വിധി പറഞ്ഞ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഹൈക്കോടതി ഇടപെടേണ്ട ആവശ്യമില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
ബാര്‍ കോഴക്കേസ് സിബിഐ അന്വേഷിക്കണമെന്ന ഹരജിയില്‍ രാവിലെ ഡിവിഷന്‍ ബെഞ്ച് ഇടക്കാല വിധി പുറപ്പെടുവിച്ച ഉടനെയാണ് ബാബുവിനെതിരായ വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യംചെയ്തുള്ള ഹരജി അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി അപ്രതീക്ഷിതമായി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
കോടതി ഇക്കാര്യം അംഗീകരിക്കുന്നില്ലെന്നു കണ്ടതോടെ വിഷയം അടിയന്തരപ്രാധാന്യമുള്ളതാണെന്നു വ്യക്തമാക്കി. സിബിഐ അന്വേഷണ ഹരജിയുടെ ഭാഗമായി തന്നെ ഈ ആവശ്യമുന്നയിക്കുന്ന സത്യവാങ്മൂലം ജഡ്ജിമാര്‍ക്ക് നേരിട്ടുനല്‍കാന്‍ എജി ശ്രമിച്ചു.
ഇതു സ്വീകരിക്കാന്‍ വിസമ്മതിച്ച കോടതി, സാധാരണ നടപടിക്രമത്തിലൂടെ അപേക്ഷ സമര്‍പ്പിക്കാന്‍ എജിയോട് നിര്‍ദേശിച്ചു. ശരിയായ രീതിയില്‍ ഹരജി നല്‍കിയ ശേഷം കേസ് ഉച്ചയ്ക്കുശേഷം പരിഗണിക്കാമെന്നു വ്യക്തമാക്കി. തുടര്‍ന്ന് കേസ് പരിഗണിച്ചപ്പോള്‍ എജിയുടെ വാദം അംഗീകരിക്കാനാവില്ലെന്ന് സുനില്‍കുമാറിന്റെ അഭിഭാഷകന്‍ അഡ്വ. രഞ്ജിത് തമ്പാന്‍ ചൂണ്ടിക്കാട്ടി. വിജിലന്‍സ് ഉത്തരവിനെതിരേ ബാബു തന്നെ ഹരജി നല്‍കിയതായും ഹരജി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കണമെന്നും ബാബുവിന്റെ അഭിഭാഷകന്‍ എസ് ശ്രീകുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം കോടതി നിരസിച്ചു.
Next Story

RELATED STORIES

Share it