ബാര്‍ കോഴ: റിപോര്‍ട്ട് നാളെ പരിഗണിക്കും

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ എം മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച തുടരന്വേഷണ റിപോര്‍ട്ട് ശനിയാഴ്ച തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി പരിഗണിക്കും. തുടരന്വേഷണത്തില്‍ മാണി കോഴ വാങ്ങിയതിനു തെളിവു ലഭിച്ചില്ലെന്നും തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് എസ്പി ആര്‍ സുകേശന്‍ റിപോര്‍ട്ട് നല്‍കിയത്.
ഓഫിസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായശേഷമാവും വിജിലന്‍സ് കോടതി റിപോര്‍ട്ട് പരിഗണിക്കുക. റിപോര്‍ട്ട് പരിഗണിച്ചശേഷം പരാതിക്കാരനും തുടരന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയവര്‍ക്കും കോടതി നോട്ടീസ് അയക്കും. റിപോര്‍ട്ടിന്‍മേല്‍ ആക്ഷേപമുണ്ടെങ്കില്‍ ബോധിപ്പിക്കാനാണിത്. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളോടെയാണ് ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം, കേസില്‍ കെ എം മാണിക്കെതിരേ തെളിവുള്ള വസ്തുതാ റിപോര്‍ട്ടായിരുന്നു കോടതി നേരത്തേ അംഗീകരിച്ചതെന്നിരിക്കെ തുടരന്വേഷണ റിപോര്‍ട്ടിലെ അന്വേഷണസംഘത്തിന്റെ നിലപാടുമാറ്റം കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടേക്കും.
ബാറുടമകളുടെ മൊഴികളും മറ്റു രേഖകളും കോഴയിടപാടിനുള്ള സാഹചര്യത്തെളിവുകളായി കണക്കാക്കാമെന്നായിരുന്നു വിജിലന്‍സിന്റെ ആദ്യ നിലപാട്. എന്നാല്‍, കോള്‍രേഖകള്‍ പരിശോധിച്ചതില്‍ കോഴ ഇടപാട് തെളിയിക്കാനാവില്ലെന്നാണ് വിജിലന്‍സിന്റെ പുതിയ കണ്ടെത്തല്‍. ഇതില്‍ ഇതുവരെ സമര്‍പ്പിച്ച മൂന്ന് റിപോര്‍ട്ടുകളും വൈരുധ്യം നിറഞ്ഞതാണെന്നിരിക്കെ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ നിലപാടാവും നിര്‍ണായകമാവുക. വിജിലന്‍സ് കോടതി റിപോര്‍ട്ട് അംഗീകരിച്ചാല്‍ കെ എം മാണി കുറ്റവിമുക്തനാവും. അങ്ങനെ വന്നാല്‍ ധനമന്ത്രിസ്ഥാനത്തേക്കു തിരിച്ചെത്തണമെന്നാണ് മുഖ്യമന്ത്രി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. അതേസമയം, ചുരുങ്ങിയ കാലത്തേക്ക് ഇനി മാണി മന്ത്രിസഭയിലേക്ക് മടങ്ങേണ്ടെന്ന അഭിപ്രായമാണ് കേരളാ കോണ്‍ഗ്രസ്സിലെ ഉന്നത നേതാക്കള്‍ക്കുള്ളത്. മന്ത്രിയല്ലാതെ പുറത്തുനില്‍ക്കുന്നതാണ് പ്രതിച്ഛായ വര്‍ധിപ്പിക്കുകയെന്നതാണ് ഈ അഭിപ്രായത്തിനാധാരം.
മാണി മന്ത്രിസ്ഥാനത്തേക്കു തിരിച്ചെത്തണമെന്ന വികാരം പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനുണ്ട്. വിജിലന്‍സ് കോടതി നടപടികള്‍ എന്താവുമെന്ന ആശങ്കയിലാണ് പാര്‍ട്ടിവൃത്തങ്ങള്‍. മടങ്ങിയെത്തുന്ന കാര്യത്തില്‍ കെ എം മാണി തീരുമാനമെടുത്തിട്ടില്ലെന്നാണു വിവരം.
Next Story

RELATED STORIES

Share it