ബാര്‍ കോഴ: തെളിവെടുപ്പ് നടന്നത് തുടരന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ച ശേഷം; തെളിവെടുപ്പ് നടത്തിയ ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ച ശേഷവും അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പി ആര്‍ സുകേശന്‍ തെളിവെടുപ്പ് നടത്തിയ ദൃശ്യങ്ങള്‍ പുറത്തായി. തന്റെ ഓഫിസില്‍ മൊഴിയെടുക്കാനെത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശാണ് പുറത്തുവിട്ടത്.
ബാര്‍ കോഴക്കേസില്‍ കുറ്റാരോപിതനായ മുന്‍ ധനമന്ത്രി കെ എം മാണിയെ കുറ്റവിമുക്തനാക്കിയുള്ള തുടരന്വേഷണ റിപോര്‍ട്ട് കഴിഞ്ഞ അഞ്ചിന് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച ശേഷം ഏഴിന് തെളിവെടുപ്പ് നടത്തിയത് കേസ് അട്ടിമറിക്കാനാണെന്നാണ് ബിജു രമേശിന്റെ ആരോപണം. ഏഴിന് രാവിലെ 11.53നാണ് സുകേശന്‍ ബിജു രമേശിന്റെ സ്ഥാപനത്തിലെത്തിയത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഒരുമണിയോടെ അദ്ദേഹം മടങ്ങുകയും ചെയ്തു. ഈ ദൃശ്യങ്ങളാണ് ബിജു രമേശ് പുറത്തുവിട്ടത്. സുകേശന്‍ അറിയാതെയാണ് തുടരന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചതെന്ന ആരോപണത്തിന് ബലം പകരുന്നതാണ് പുതിയ തെളിവുകള്‍.
വസ്തുതാവിവര റിപോര്‍ട്ടിന് കടകവിരുദ്ധമായി കെ എം മാണിയെ കുറ്റവിമുക്തനാക്കിയുള്ള തുടരന്വേഷണ റിപോര്‍ട്ട് മറ്റാരോ തയ്യാറാക്കിയശേഷം എസ്പി സുകേശനെക്കൊണ്ട് ഒപ്പുവയ്പിച്ചുവെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. റിപോര്‍ട്ട് തയ്യാറായതറിയാതെ സുകേശന്‍ തന്നെ വന്നുകണ്ടിരുന്നുവെന്നും ഇതിന്റെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും ബിജു അവകാശപ്പെട്ടിരുന്നു. ഓഫിസിലെത്തിയ സുകേശന്‍ തന്റെ ഡ്രൈവറായ അമ്പിളിയില്‍ നിന്നും മറ്റ് ജീവനക്കാരില്‍ നിന്നും വീണ്ടും വിവരങ്ങള്‍ ശേഖരിച്ചതായും ബിജു രമേശ് വെളിപ്പെടുത്തി. പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങള്‍ വിജിലന്‍സ് പ്രത്യേക കോടതിക്ക് കൈമാറുമെന്നും ബിജു അറിയിച്ചു.
എന്നാല്‍, ബിജുവിന്റെ മൊഴിയില്‍ വ്യക്തത വരുത്തുന്നതിനാണ് ഏഴിന് വീണ്ടും തെളിവെടുപ്പ് നടത്തിയതെന്ന് വിജിലന്‍സ് അധികൃതര്‍ വ്യക്തമാക്കി. കേസില്‍ ഫെബ്രുവരി 16ന് വിജിലന്‍സ് കോടതി വാദം കേള്‍ക്കാനിരിക്കെയാണ് പുതിയ തെളിവുകളുമായി ബിജു രമേശ് രംഗത്തെത്തിയത്.
Next Story

RELATED STORIES

Share it