ബാര്‍ കോഴ കേസ്: മൊഴി നല്‍കാന്‍ ഹാജരാവണം; ബാര്‍ ഉടമ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് നോട്ടീസ്

കൊച്ചി: കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ മൊഴിനല്‍കാന്‍ ഹാജരാവണമെന്നാവശ്യപ്പെട്ട് ബാര്‍ ഉടമ അസോസിയേഷന്‍ ഭാരവാഹികള്‍ക്കു വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി ആര്‍ സുകേശന്‍ നോട്ടീസ് നല്‍കി. മാണിക്കെതിരേ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് സുകേശന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടക്കുന്നത്.
കോടതി ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിഹരിച്ചുകൊണ്ടുള്ള പുനരന്വേഷണമാണ് വിജിലന്‍സ് നടത്തുന്നത്. ആദ്യഘട്ടത്തില്‍ ബാറുടമാ നേതാക്കളോട് മൊഴി നല്‍കാന്‍ ഹാജരാവണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല. മൊഴി നല്‍കാന്‍ ഹാജരാവണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചതായി ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി പറഞ്ഞു.
സൗകര്യപ്രദമായ ദിവസം ചോദ്യംചെയ്യലിന് ഹാജരാവാനാണ് നോട്ടീസില്‍ നിര്‍ദേശിച്ചിട്ടുള്ളത്. വിജിലന്‍സിന് മുന്നില്‍ എന്ന് ഹാജരാവണമെന്നു തീരുമാനിച്ചിട്ടില്ലെന്നും ബാര്‍ കേസില്‍ സുപ്രിംകോടതി വിധിയുമായി ബന്ധപ്പെട്ട തുടര്‍ നിയമനടപടികളുടെ തിരക്കിലാണ് അസോസിയേഷനെന്നും രാജ്കുമാര്‍ ഉണ്ണി പറഞ്ഞു. ഇതിനിടയില്‍ എറണാകുളത്തെ ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഓഫിസില്‍ എസ്പി സുകേശന്റെ നേതൃത്വത്തില്‍ പരിശോധന നടന്നു. ഓഫിസ് ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി.
ബാര്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടിയ സര്‍ക്കാര്‍ തീരുമാനം ശരിവച്ചുകൊണ്ടുള്ള സുപ്രിംകോടതി ഉത്തരവ് വന്നതോടെ മാണിക്കെതിരായ കേസില്‍ സര്‍ക്കാരിനെ സംരക്ഷിക്കുന്ന നിലപാട് ഇനി തുടരേണ്ടതില്ലെന്നാണു ബാറുടമകളുടെ പൊതുവികാരം. എന്നാല്‍ സുപ്രിംകോടതിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കുന്നതിന്റെ സാധ്യത ആരായാനാണ് അസോസിയേഷന്‍ നേതാക്കളുടെ തീരുമാനം. ഇതിനായി നിയമവിദഗ്ധരുമായി തിങ്കളാഴ്ച അവര്‍ വിശദമായ ചര്‍ച്ച നടത്തുന്നുണ്ട്.
Next Story

RELATED STORIES

Share it