ബാര്‍ കോഴ കേസില്‍ നിയമോപദേശത്തിനു പ്രതിഫലം: പുനപ്പരിശോധനാ ഹരജി നല്‍കി

കൊച്ചി: മുന്‍ മന്ത്രി കെ എം മാണി ആരോപണ വിധേയനായ ബാര്‍ കോഴ കേസില്‍ സുപ്രിംകോടതി അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടിയതിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പ്രതിഫലം നല്‍കരുതെന്ന ഹരജി തള്ളിയതിനെതിരേ പുനപ്പരിശോധന ഹരജി നല്‍കി. ഫിയറ്റ് ജസ്റ്റീഷ്യ എന്ന സംഘടനയാണ് റിവിഷന്‍ ഹരജി നല്‍കിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്‍കാന്‍ ബാധ്യസ്ഥരായ അഡ്വക്കറ്റ് ജനറലും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ഉണ്ടായിരിക്കെ സുപ്രിംകോടതി അഭിഭാഷകരില്‍ നിന്ന് വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടിയതുമായി ബന്ധപ്പെട്ട ഹരജി പൊതുതാല്‍പര്യപരമല്ലെന്നു കണ്ടെത്തി തള്ളിയ നടപടി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ ഹരജി നല്‍കിയിരിക്കുന്നത്. സ്വകാര്യ നിയമോപദേശവുമായി ബന്ധപ്പെട്ട് പണം ചെലവഴിക്കാനാവുമോയെന്നതു പരിശോധിക്കേണ്ടത് സര്‍ക്കാരാണെന്നിരിക്കെ പൊതുതാല്‍പര്യ ഹരജിയില്‍ ഇക്കാര്യം പരിഗണിക്കേണ്ട കാര്യം കോടതിക്കില്ലെന്നു വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ എം ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഹരജി തീര്‍പ്പാക്കിയിരുന്നത്.
നിയമോപദേശം നല്‍കിയ വകയില്‍ സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരും മുന്‍ സോളിസിറ്റര്‍ ജനറല്‍മാരുമായ മോഹന്‍ പരാശരന്‍, എല്‍ നാഗേശ്വരറാവു എന്നിവര്‍ക്ക് 7,70,000 രൂപയാണു നല്‍കാനുള്ളത്. ഇത് ഒരു കാരണവശാലും സര്‍ക്കാര്‍ ഖജനാവില്‍ നിന്നു നല്‍കാനാവില്ല. പൊതുപണം ഇത്തരം കാര്യങ്ങള്‍ക്കു വിനിയോഗിക്കാനുള്ളതല്ലെന്ന് ബാര്‍ കോഴയുമായി ബന്ധപ്പെട്ട് സിംഗിള്‍ബെഞ്ച് നടത്തിയ നിരീക്ഷണം ഡിവിഷന്‍ബെഞ്ച് കണക്കിലെടുത്തിട്ടില്ലെന്നും അതിനാല്‍, മുന്‍ ഉത്തരവ് ഡിവിഷന്‍ബെഞ്ച് പുനപ്പരിശോധിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. ഹരജി പരിഗണിച്ച ഇതേ ബെഞ്ച് വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി.
Next Story

RELATED STORIES

Share it