Districts

ബാര്‍ കോഴ: കുരുക്കു മുറുകുന്നു; മാണിയുടെ മന്ത്രിസ്ഥാനം ത്രിശങ്കുവില്‍

കോട്ടയം: വിവാദമായ ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി വിധിയെ അനുകൂലിച്ച് ഹൈക്കോടതിയുടെ പരാമര്‍ശം വന്നതോടെ കെ എം മാണിയുടെ മന്ത്രിസ്ഥാനം ത്രിശങ്കുവിലായി. ബാര്‍ കോഴക്കേസ് നീട്ടിക്കൊണ്ടുപോവാനാവില്ലെന്നും അന്തിമവിധി തിങ്കളാഴ്ച ഉണ്ടാവുമെന്നുമുള്ള ഹൈക്കോടതി നിര്‍ദേശം മാണിക്ക് കനത്ത തിരിച്ചടിയായി. ഹൈക്കോടതി പരാമര്‍ശം വന്നതിനെ തുടര്‍ന്ന് ഇന്നലെ മാണിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ അടിയന്തര യോഗം എന്തു സമ്മര്‍ദ്ദമുണ്ടായാലും മാണി മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടന്ന തീരുമാനമെത്തിട്ടുണ്ട്. പാര്‍ട്ടി ഒറ്റക്കെട്ടായി മാണിക്കൊപ്പമുണ്ടെന്നും അന്വേഷണം മുന്നോട്ടു പോവട്ടെയെന്നുമാണ് യോഗത്തിലുണ്ടായ പൊതുതീരുമാനം. എന്നാല്‍, തിങ്കളാഴ്ച്ചത്തെ കോടതിവിധിയും ഇന്നത്തെ തിരഞ്ഞെടുപ്പു ഫലവും വിലയിരുത്തി മന്ത്രിസ്ഥാനം രാജിവയ്ക്കുന്നത് അടക്കമുള്ള ഭാവികാര്യങ്ങള്‍ തീരുമാനിക്കാമെന്നാണ് പാര്‍ട്ടി നേതാക്കള്‍ക്കിടയിലുണ്ടായ പൊതുധാരണയെന്നാണു സൂചന.  മാണിക്കെതിരേ നിയമക്കുരുക്ക് കൂടുതല്‍ മുറുകുന്നത് കേരളാ കോണ്‍ഗ്രസ്സിനെയും മാണിയെയും കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് എത്തിക്കുന്നത്. വിജിലന്‍സ് കോടതി പരാമര്‍ശം ഉണ്ടായതിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന ന്യായം പറഞ്ഞു പിടിച്ചുനിന്ന മാണിക്കും യുഡിഎഫിനും കോടതിയുടെ ഇന്നലത്തെ പരാമര്‍ശം കനത്ത തിരിച്ചടിയായിരിക്കകയാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പു ഫലം യുഡിഎഫിനും കേരള കോണ്‍ഗ്രസ്സിനും അനുകൂലമായാല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കാതെ ജനകീയ കോടതിയില്‍ വിധി അനുകൂലമായെന്ന അവകാശവാദം ഉന്നയിച്ച് പ്രതിപക്ഷ ആരോപണങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും എത്രത്തോളം ഫലം കാണുമെന്ന് കാത്തിരുന്നു കാണേണ്ടതുണ്ട്. മന്ത്രിസ്ഥാനം ഒഴിഞ്ഞാല്‍ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ തന്റെ പക്കല്‍ നിന്നു നഷ്ടപ്പെടുമെന്ന വിലയിരുത്തല്‍ കെ എം മാണി വിശ്വസ്തരുമായി പങ്കുവച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സില്‍ നിന്ന് കേരളാ കോണ്‍ഗ്രസ്സിനും മാണിക്കുമെതിരേ ശക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ മന്ത്രിസഭയില്‍ നിന്ന് പാര്‍ട്ടി അംഗങ്ങള്‍ പൂര്‍ണമായും വിട്ടുനിന്ന് യുഡിഎഫിന് പിന്തുണ നല്‍കണമെന്ന അഭിപ്രായമാണ് മാണി അനുകൂലികള്‍ക്കുള്ളത്. അതേസമയം കേരളാ കോണ്‍ഗ്രസ്സില്‍ പി ജെ ജോസഫ് അനുകൂലികളായ ഒരുവിഭാഗം നേതാക്കള്‍ മാണി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന അഭിപ്രായക്കാരാണ്.
Next Story

RELATED STORIES

Share it