ബാര്‍ കോഴ: എസ്പി സുകേശനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അന്വേഷിച്ച വിജിലന്‍സ് എസ്പി ആര്‍ സുകേശനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. എസ്പി ഉണ്ണിരാജനാണ് അന്വേഷണച്ചുമതല. ബാര്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ് മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയ രഹസ്യമൊഴിക്കൊപ്പം ഹാജരാക്കിയ ശബ്ദരേഖയടങ്ങിയ സിഡിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുകേശനെതിരേ അന്വേഷണം നടത്തുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി സിഡി ഫോറന്‍സിക് പരിശോധനയ്ക്ക് അയ—ക്കും. എസ്പി ഉണ്ണിരാജന്റെ നേതൃത്വത്തിലുള്ള ആറംഗസംഘമാണ് അന്വേഷണം നടത്തുന്നത്. ഇവര്‍ സുകേശനെയും ബിജു രമേശിനെയും ഉടന്‍ ചോദ്യം ചെയ്‌തേക്കും. ബാര്‍ കോഴക്കേസ് അന്വേഷണത്തില്‍ സുകേശന്‍ തയ്യാറാക്കിയ റിപോര്‍ട്ടുകള്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചുവരുകയാണ്.
2014 ഡിസംബര്‍ 14ന് എറണാകുളത്തെ ബാര്‍ അസോസിയേഷന്‍ ഓഫിസില്‍ നടന്ന കോര്‍കമ്മിറ്റി യോഗത്തില്‍ ബിജു രമേശ് വെളിപ്പെടുത്തിയ കാര്യങ്ങളടങ്ങുന്നതാണ് സിഡി. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സുകേശനെക്കുറിച്ചുള്ള ബിജു രമേശിന്റെ പരാമര്‍ശങ്ങള്‍ ഇതിലുണ്ട്. അതിനാല്‍ ബാര്‍ കോഴക്കേസില്‍ ഇരുവരും ഗൂഢാലോചന നടത്തിയോ എന്നാണ് ക്രൈംബ്രാഞ്ച് മുഖ്യമായും അന്വേഷിക്കുക.
Next Story

RELATED STORIES

Share it