Middlepiece

ബാര്‍ കോഴയില്‍ മുങ്ങിപ്പോയ സത്യം

മധ്യമാര്‍ഗം/പരമു






ലോകചരിത്രത്തില്‍ ആദിമഘട്ടം മുതല്‍ സത്യം പറയുക എന്നതു കേട്ടുതുടങ്ങിയതാണ്. സത്യവാന്മാരായിരിക്കുക എന്ന ഉപദേശമാണ് ജ്ഞാനികള്‍ പകര്‍ന്നു നല്‍കുന്നത്. ഒരു കുട്ടിക്ക് അച്ഛനമ്മമാര്‍ ഉപദേശിക്കുന്നത് ഇതു തന്നെ. സ്‌കൂളിലേക്ക് കാലെടുത്തുവച്ചാല്‍ ചുവരില്‍ കാണുന്നതും സത്യത്തെക്കുറിച്ചുള്ള വാക്കുകളും വാചകങ്ങളുമാണ്. അധ്യാപകര്‍ പഠിപ്പിക്കുന്നതും സത്യം മുറുകെ പിടിക്കണമെന്നതാണ്.യാതൊരു പ്രകോപനവുമില്ലാതെ സത്യത്തെ വലിച്ചുകൊണ്ടുവന്ന് എന്തിനു ബോറടിപ്പിക്കുന്നു എന്നു ചോദിക്കാം. എന്നാല്‍, പ്രകോപനമുണ്ട്. സത്യത്തിന്റെ തിളക്കത്തെക്കുറിച്ചും സത്യത്തിന്റെ ശക്തിയെക്കുറിച്ചും സത്യത്തിന്റെ സൗന്ദര്യത്തെക്കുറിച്ചും ആഹ്ലാദാഭിമാനത്തിലാണ് പരമു. പഴയ ലക്കങ്ങളിലേക്ക് വെറുതെ ശ്രദ്ധതിരിക്കുന്നു. മന്ത്രി കെ എം മാണിയുടെ ബാര്‍ കോഴക്കേസ് പുറംലോകം അറിഞ്ഞതു മുതല്‍ സത്യം അപകടത്തില്‍ കിടന്നു നട്ടംതിരിയുന്ന കാര്യം പരമു ആകാവുന്നവിധം അറിയിച്ചിരുന്നു.

സത്യത്തിന് എഴുന്നേറ്റു വന്നു തന്റെ കാര്യം പറയാന്‍ കഴിയാത്തതിനാല്‍ ഫീസില്ലാതെ സത്യത്തിന്റെ വക്കാലത്ത് പരമു ഏറ്റെടുക്കുകയാണു ചെയ്തത്. കോഴക്കേസിലെ ആരോപണത്തിലും ആദ്യ ഹരജിയിലും ഹരജിക്കാരന്റെ വിശദമായ മൊഴിയിലും പ്രാഥമികാന്വേഷണത്തിലും കഴമ്പുണ്ടെന്ന് ഏവര്‍ക്കും മനസ്സിലായിരുന്നു. കഴമ്പുണ്ടെന്നു കോടതിഭാഷയില്‍ പറഞ്ഞാല്‍ സത്യമുണ്ടെന്നാണ് പച്ച മലയാളത്തില്‍ അര്‍ഥം. അങ്ങനെ സത്യമുള്ള ആരോപണത്തെ, സത്യമുള്ള ഹരജിയെ കളവുള്ളതാക്കാന്‍ വലിയ വലിയ ശക്തികള്‍ ശ്രമിക്കുന്നു എന്നായിരുന്നു പരമു വിളിച്ചുപറഞ്ഞത്. അത് അക്ഷരംപ്രതി ശരിയാവുകയും ചെയ്തു. ഈ അപകടത്തില്‍നിന്നും അപമാനത്തില്‍നിന്നും സത്യം പുറത്തുകടക്കുമെന്നു മുന്നറിയിപ്പു തരുകയും ചെയ്തിരുന്നു. അതും അക്ഷരംപ്രതി ശരിയാവുന്നു.

സത്യത്തെക്കുറിച്ചല്ലാതെ വേറെ എന്തിനെക്കുറിച്ചാണ് ഈ സമയത്ത് ആലോചിക്കുക ഹേ!അഴിമതിക്കെതിരേ നടപടികളെടുക്കാന്‍ ബാധ്യതപ്പെട്ട സംസ്ഥാനത്തെ വിജിലന്‍സ് എന്ന ഏക സംവിധാനത്തെ ദുരുപയോഗപ്പെടുത്തിയതിന്റെ കഥകളാണ് ഇനി പുറത്തുവരാനുള്ളത്. മുഖ്യമന്ത്രി മുതല്‍ വിജിലന്‍സ് ഡയറക്ടര്‍ വരെ ഈ ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കാളികളായി എന്ന് അറിയുമ്പോഴാണ് ബാര്‍ കോഴക്കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടതിന്റെ ആഴം പിടികിട്ടുക.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സര്‍വീസില്‍നിന്ന് വിരമിക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ ഒരു മന്ത്രിസഭയെ നിലനിര്‍ത്താന്‍ നടത്തിയ നാടകത്തില്‍ വാസ്തവത്തില്‍ സത്യം ഞെരിഞ്ഞമരുകയായിരുന്നു. സത്യസന്ധനായ വിജിലന്‍സ് എ.ഡി.ജി.പിയെ കേസ് അന്വേഷണത്തില്‍നിന്നു മാറ്റി. കേസ് അന്വേഷണത്തിന്റെ പൂര്‍ണ ചുമതലയുള്ള ഡിവൈ.എസ്.പിയുടെ അന്വേഷണ റിപോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ തള്ളി.

കോടികള്‍ ഫീസ് വാങ്ങുന്ന പ്രമുഖരായ രണ്ടു സ്വകാര്യ വക്കീലന്മാരുടെ നിയമോപദേശം സ്വീകരിച്ചുകൊണ്ടാണ് വിജിലന്‍സ് ഡയറക്ടര്‍ സത്യത്തെ കൊല്ലാന്‍ ശ്രമിച്ചത്. ഇതിന്റെ ഫലമായി മന്ത്രിസഭ രക്ഷപ്പെട്ടു. മന്ത്രി മാണി പുണ്യാളനായി. ബാര്‍ കോഴക്കേസ് ജനമനസ്സില്‍നിന്ന് പതുക്കെ പതുക്കെ മാഞ്ഞു. വിജിലന്‍സ് ഡയറക്ടര്‍ക്ക് റിട്ടയര്‍ ചെയ്താല്‍ മുന്തിയ പദവി കിട്ടുമായിരിക്കാം. വിജിലന്‍സിന്റെ വിശ്വാസ്യത പാടേ തകര്‍ന്നുപോയി. പ്രതിപക്ഷത്തിനു ധര്‍ണയും സമരങ്ങളും നടത്താതെ കഴിഞ്ഞു. മാധ്യമങ്ങള്‍ക്ക്, വിശിഷ്യാ ചാനലുകള്‍ക്ക് 'വകകള്‍' ഇല്ലാതായി. ഇതൊക്കെ താല്‍ക്കാലികമായിരുെന്നന്നു പലരും ഓര്‍ത്തു കാണില്ല. മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് നടപടിയില്‍ വിജിലന്‍സ് കോടതിക്ക് തൃപ്തിയില്ല. വിജിലന്‍സ് ഡയറക്ടര്‍ മന്ത്രിയെ രക്ഷപ്പെടുത്താന്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നു കോടതിക്കു തന്നെ സംശയം ഉണര്‍ന്നു.

വിജിലന്‍സ് പോലിസ് നല്‍കിയ റിപോര്‍ട്ടില്‍ സത്യത്തിന്റെ പിടച്ചില്‍ കണ്ട് പുനരന്വേഷണത്തിനു കോടതിക്ക് ഉത്തരവു പുറപ്പെടുവിക്കേണ്ടിവരും. പുനരന്വേഷണവും നടത്തേണ്ടത് വിജിലന്‍സ് തന്നെയാണ്! വിജിലന്‍സ് കോടതിക്ക് സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിടാന്‍ കഴിയില്ല. അതിന് ഹൈക്കോടതി വേണം. സത്യത്തിന്റെ നിലനില്‍പ്പിനായി രാവും പകലും ഓടിനടക്കുന്ന ധീരന്മാര്‍ അതിനായി മുമ്പോട്ടുവരും. സി.ബി.ഐ. അന്വേഷിച്ചാല്‍ മന്ത്രി മാണിയും കൂട്ടരും ജയിലിലേക്കു പോവാതിരിക്കില്ല. അതിനായി കുറച്ച് കാത്തിരിക്കണം എന്നുമാത്രം.
Next Story

RELATED STORIES

Share it