ബാര്‍ കോഴയില്‍ ദ്രുതപരിശോധന;വിജിലന്‍സ് ഒരുമാസം കൂടി സമയം ആവശ്യപ്പെട്ടു

കൊച്ചി: മന്ത്രി കെ ബാബുവിനെതിരായ ബാര്‍കോഴ ആരോപണം സംബന്ധിച്ച ദ്രുതപരിശോധന പൂര്‍ത്തിയാക്കുന്നതിന് ഒരുമാസം കൂടി സമയം അനുവദിക്കണമെന്ന് വിജിലന്‍സ്. ദ്രുത പരിശോധന പൂര്‍ത്തിയാക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് വിജിലന്‍സ് എസ്പി ആര്‍ നിശാന്തിനി ഒരു മാസത്തെ സമയം ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച അപേക്ഷ വിജിലന്‍സ് കോടതി ഇന്നു പരിഗണിക്കും.
ദ്രുതപരിശോധന പൂര്‍ത്തിയാക്കാന്‍ മൂന്നുമാസം വരെ സമയമെടുക്കാന്‍ കഴിയുമെങ്കിലും ജോര്‍ജ് വട്ടുകുളത്തിന്റെ പൊതുതാല്‍പര്യ ഹരജിയില്‍ വിധിപറഞ്ഞ കോടതി ഡിസംബര്‍ 23നകം പരിശോധന പൂര്‍ത്തിയാക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അന്വേഷണം ഇപ്പോഴും പ്രാരംഭഘട്ടത്തില്‍ തന്നെയാണ്. ജോര്‍ജ് വട്ടുകുളത്തിന്റെ മൊഴിരേഖപ്പെടുത്തിയ ശേഷം ചാനല്‍ അവതാരകന്‍ ജിമ്മി ജെയിംസിന്റെ മൊഴിയും രേഖപ്പെടുത്തി. ബാറുടമകളടക്കമുള്ളവരുടെ മൊഴിയെടുക്കേണ്ടതുണ്ട്. മന്ത്രി ബാബുവിന്റെ മൊഴിയും രേഖപ്പെടുത്തുമെന്നാണു സൂചന.
നേരത്തെ വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ബിജു രമേശ് അടക്കമുള്ളവരുടെയും മന്ത്രി കെ ബാബുവിന്റെയും മൊഴിയെടുക്കുകയും ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളുടെ വസ്തുതാപരിശോധന നടത്തുകയും ചെയ്തിരുന്നു. ആരോപണത്തിനു തെളിവില്ലെന്ന നിഗമനത്തിലാണ് കേസന്വേഷിച്ച വിജിലന്‍സ് ഡിവൈഎസ്പി എത്തിയത്. എന്നാല്‍ വിജിലന്‍സ് കേസുകളില്‍ പ്രാഥമിക അന്വേഷണം നടത്തുന്നതിനു വകുപ്പില്ലെന്നു ചൂണ്ടിക്കാണിക്കപ്പെട്ടതിനെത്തുടര്‍ന്നാണു ദ്രുതപരിശോധന നടത്താന്‍ കോടതി ഉത്തരവായത്.
Next Story

RELATED STORIES

Share it