ബാര്‍ കോഴക്കേസ് മാണി രാജിവയ്‌ക്കേണ്ടതില്ല: ഉമ്മന്‍ചാണ്ടി

തൃശൂര്‍: ബാര്‍ കോഴ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിടുക മാത്രമാണു കോടതി ചെയ്തിട്ടുള്ളത്. മാധ്യമങ്ങളില്‍ കോടതി പറയാത്ത കാര്യങ്ങള്‍ പലതും വരുന്നുണ്ട്. കോടതി ഉത്തരവ് വായിച്ചു നോക്കാതെയാണ് പലരും റിപോര്‍ട്ട് ചെയ്യുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തൃശൂര്‍ പ്രസ് ക്ലബ്ബിന്റെ നിലപാട്-2015ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാണി കുറ്റക്കാരനാണെന്നു കോടതി പറഞ്ഞിട്ടില്ല. അതിനാല്‍ത്തന്നെ രാജി വിഷയം ഇപ്പോള്‍ ഉദിക്കുന്നുമില്ല.
മുമ്പ് മന്ത്രി കെ പി വിശ്വനാഥനെതിരേ കോടതി പരാമര്‍ശമുണ്ടായപ്പോള്‍ നിയമസഭയില്‍ ചോദ്യവും ബഹളവുമുണ്ടായി. തുടര്‍ന്ന് അദ്ദേഹത്തിന്റെ രാജി എനിക്കു സ്വീകരിക്കേണ്ടിവന്നു. പിന്നീട് 12 വര്‍ഷങ്ങള്‍ക്കുശേഷം വിശ്വനാഥന്‍ കുറ്റവിമുക്തനായി. അന്ന് രാജി സ്വീകരിച്ചുകൊണ്ട് അദ്ദേഹത്തോടു ചെയ്ത തെറ്റ് ഞാനിപ്പോള്‍ തിരിച്ചറിയുന്നു. 2011ല്‍ ഞാന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ് മൂന്നു മാസങ്ങള്‍ക്കുള്ളിലാണു പാമൊലില്‍ കേസ് അവസാനിപ്പിക്കാനുള്ള ഹരജി കോടതി തള്ളിയത്. രാജിക്കുവേണ്ടി മുറവിളിയുണ്ടായിട്ടും രാജി ആവശ്യമില്ലെന്നാണു പാര്‍ട്ടി പറഞ്ഞത്. പിന്നീട് ഹൈക്കോടതിയില്‍ നിന്ന് അനുകൂലമായ വിധിയുണ്ടായി. അന്നു ഞാന്‍ രാജിവച്ചിരുന്നെങ്കില്‍ എന്താവുമായിരുന്നു സ്ഥിതി. വിഎസ് സര്‍ക്കാര്‍ പ്രത്യേക വിജിലന്‍സ് സംഘത്തെ നിയോഗിച്ച് അന്വേഷിച്ച കേസാണിത്. സര്‍ക്കാരിന്റെ മദ്യനയത്തിലും ബാര്‍ നിയന്ത്രണത്തിലും ജനങ്ങളില്‍ പലര്‍ക്കും അസംതൃപ്തിയുണ്ടെന്ന കാര്യം നിഷേധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഇതാദ്യമായിട്ടല്ല. അഴിമതിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.
എന്നാല്‍ ആരും ഇരയാവുന്നത് അനുവദിക്കില്ല. അഴിമതി ആരോപണമുയര്‍ത്തി വികസനപദ്ധതികളെ അട്ടിമറിക്കാനും സമ്മതിക്കില്ല. യുഡിഎഫ് ഐക്യത്തോടെയാണു തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it