Districts

ബാര്‍ കോഴക്കേസ്: ബാബുവിനെതിരേ ബിജു കോടതിയെ സമീപിച്ചേക്കും

കൊച്ചി: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബുവിനെതിരേ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ബിജുരമേശ് ഒരുങ്ങുന്നു. തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കാനാണു നീക്കം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും നിയമോപദേശം ലഭിച്ച ശേഷം ഇന്നോ നാളെയോ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
കെ ബാബുവിനെതിരേ വിജിലന്‍സ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ സാക്ഷിമൊഴികള്‍ അവഗണിച്ചു. കൊച്ചിയിലെ വിജിലന്‍സ് ഉദ്യോഗസ്ഥന്‍ ഉന്നത സ്വാധീനത്തിനു വഴങ്ങി അന്വേഷണം അട്ടിമറിച്ചെന്നാരോപിച്ചാണ് ബിജുരമേശ് നിയമനടപടിക്കൊരുങ്ങുന്നത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാണ് ബിജുരമേശിന്റെ ആവശ്യം. ഹൈക്കോടതിയിലോ തിരുവനന്തപുരം വിജിലന്‍സ് കോടതിയിലോ ആവും അപേക്ഷ നല്‍കുക. വിജിലന്‍സിന്റെ കൊച്ചി യൂനിറ്റിലെ എസ്പിയുടെയും ഡിവൈഎസ്പിയുടെയും അന്വേഷണത്തില്‍ വിശ്വാസമില്ലാത്തതിനാലാണ് സിബിഐ അന്വേഷണത്തിനു സാധ്യത ആരായുന്നതെന്നു ബിജുരമേശ് പറഞ്ഞു. വിജിലന്‍സ് അന്വേഷണത്തിനാണ് നിയമോപദേശം ലഭിക്കുന്നതെങ്കില്‍ അന്വേഷണത്തിനു കോടതി മേല്‍നോട്ടം വഹിക്കണമെന്ന് ബിജുരമേശ് ആവശ്യപ്പെടും.
കെ ബാബുവിനെതിരേ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മാത്രമായി വിജിലന്‍സ് അന്വേഷണം പരിമിതപ്പെടുത്തരുതെന്നും അദ്ദേഹത്തിന്റെ സ്വത്തുവിവരങ്ങളുള്‍പ്പെടെ അന്വേഷണത്തിനു വിധേയമാക്കണമെന്നുമാണ് ബിജുരമേശിന്റെ നിലപാട്. കെ ബാബുവിന്റെ സ്വത്തുസമ്പാദ്യം സംബന്ധിച്ച വിവരങ്ങളും ചില ബിനാമി ഇടപാടുകളുടെ തെളിവുകളും തന്റെ പക്കലുണ്ടെന്നു ബിജുരമേശ് അവകാശപ്പെടുന്നു. വിജിലന്‍സ് പ്രാഥമികാന്വേഷണം നടത്തിയ ഘട്ടത്തില്‍ ഈ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് ഡിവൈഎസ്പിക്കു കൈമാറാന്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍, ബിജു കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ പറഞ്ഞതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമേ രേഖപ്പെടുത്തൂവെന്ന നിലപാടാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ സ്വീകരിച്ചത്. വിജിലന്‍സ് ഡിവൈഎസ്പി നടത്തിയ അന്വേഷണം നിയമപരമായി നിലനില്‍ക്കാത്തതാണെന്ന വാദവും ബിജു ഉന്നയിക്കുന്നു. പ്രാഥമിക അന്വേഷണമാണ് നടത്തിയതെന്നു ഡിവൈഎസ്പി നല്‍കിയ അന്വേഷണറിപോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്. എന്നാല്‍, വിജിലന്‍സില്‍ ഇത്തരത്തില്‍ പ്രാഥമിക അന്വേഷണം നടത്താനുള്ള വകുപ്പില്ലെന്നും ക്വിക്ക് വെരിഫിക്കേഷനാണ് നടത്തേണ്ടതെന്നും ബിജു പറഞ്ഞു.
Next Story

RELATED STORIES

Share it