ബാര്‍ കോഴക്കേസ്; എസ്പി സുകേശനെതിരേ തെളിവുണ്ടെങ്കില്‍ നടപടി സ്വീകരിക്കണം: ഹൈക്കോടതി

കൊച്ചി: ബാര്‍ കോഴക്കേസ് അന്വേഷിച്ച വിജിലന്‍സ് എസ്പി ആര്‍ സുകേശനെതിരേ അന്വേഷണം നടത്തുന്നതിനുള്ള തെളിവെന്താണെന്ന് ഹൈക്കോടതി. സുകേശന്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കില്‍ അത് ഗുരുതരമായ കുറ്റകൃത്യമാണ്. അത്തരത്തില്‍ തെളിവുണ്ടെങ്കില്‍ ഹാജരാക്കണം. അന്വേഷണം നടത്തുന്ന വസ്തുത സംബന്ധിച്ച് തെളിവുണ്ടെങ്കില്‍ അദ്ദേഹത്തെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നത് എന്തിനാണെന്നും ജസ്റ്റിസ് പി ഡി രാജന്‍ ആരാഞ്ഞു.
ബാര്‍ കോഴക്കേസില്‍ തിരുവനന്തപുരം വിജിലന്‍സ് നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മുന്‍ ധനമന്ത്രി കെ എം മാണി സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഗൂഢാലോചന നടത്തിയതു സംബന്ധിച്ച് എസ്പി സുകേശനെതിരേ ക്രൈംബ്രാഞ്ച് എസ്പി ഉണ്ണിരാജന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതായി എഡിജിപി കെ ഐ അബ്ദുര്‍റഷീദ് അറിയിച്ചു.
തുടര്‍ന്നാണ് അന്വേഷണം നടത്തുന്നതിനുള്ള തെളിവുകളോ രേഖകളോ ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്. കൂടാതെ കേസന്വേഷണപുരോഗതി റിപോര്‍ട്ട് ഇന്ന് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി.
വിജിലന്‍സ് എസ്പി ആര്‍ സുകേശനെതിരേ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ കേസ് നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് കെ എം മാണിയുടെ ആവശ്യം. ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശുമായി ചേര്‍ന്ന് സുകേശന്‍ ഗൂഢാലോചന നടത്തിയെന്നാണു കണ്ടെത്തല്‍. ബിജു രമേശ് 164 സിആര്‍പിസി പ്രകാരം മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയോടൊപ്പം ഹാജരാക്കിയ ശബ്ദരേഖ അടങ്ങിയ സിഡിയാണ് സുകേശനെതിരായ തെളിവായി കണ്ടെത്തിയത്.
2014 ഡിസംബര്‍ 31ന് എറണാകുളത്തെ ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ ബിജു രമേശ് നടത്തിയ സംഭാഷണമാണ് സിഡിയില്‍. മൊഴിയെടുക്കല്‍ വേളയില്‍ സുകേശന്റെ പെരുമാറ്റം സൗഹാര്‍ദത്തോടെയാണെന്നും അദ്ദേഹവുമായി തനിക്ക് പണ്ടുമുതലേ അടുപ്പമുണ്ടെന്നും ബിജു പറയുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡി സുകേശനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.
Next Story

RELATED STORIES

Share it