ബാര്‍ കോഴക്കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

തിരുവനന്തപുരം: മന്ത്രി കെ ബാബുവിനെതിരായ ബാര്‍ കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ മധ്യമേഖലാ എസ്പി ആയിരുന്ന കെ എം ആന്റണിയെ സ്ഥലം മാറ്റിയാണ് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. നോണ്‍ ഐപിഎസ് വിഭാഗത്തിലുള്ള കെ എം ആന്റണിയെ വിജിലന്‍സിന്റെ ഉത്തര മേഖലാ എസ്പി ആയാണ് സ്ഥലം മാറ്റിയത്.
ബാബുവിനെതിരെയുള്ള ത്വരിതപരിശോധനാ റിപോര്‍ട്ട് ഈ മാസം 23ന് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കേയാണ് സ്ഥലം മാറ്റം. കേസില്‍ മന്ത്രി കെ ബാബുവിനും ബിജു രമേശിനുമെതിരേ ദ്രുതപരിശോധന വേണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. ജനുവരി 23നകം ദ്രുതപരിശോധനയുടെ റിപോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതി നിര്‍ദേശവും നല്‍കി. പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടക്കുളം നല്‍കിയ സ്വകാര്യ ഹരജിയിലായിരുന്നു കോടതി ഉത്തരവ്. ബാബു പണം വാങ്ങിയെന്ന് ബിജു രമേശ് ചാനലുകളില്‍ ആരോപിച്ചെന്നും ഇതു പരിശോധിക്കണമെന്നും കാണിച്ചാണ് ജോര്‍ജ് വട്ടക്കുളം സ്വകാര്യ ഹരജി നല്‍കിയത്. അന്വേഷണം നടക്കുന്നുണ്ടെന്നും പുതിയ അന്വേഷണം വേണ്ടെന്നുമുള്ള സര്‍ക്കാര്‍ വാദം തള്ളിയ കോടതി ദ്രുതപരിശോധനയ്ക്ക് ഉത്തരവിടുകയായിരുന്നു.
Next Story

RELATED STORIES

Share it