ബാര്‍ കോഴക്കേസില്‍ വിധി 29ന്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികളില്‍ തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് കോടതി ഈ മാസം 29നു നിര്‍ണായക വിധി പറയും. അന്തിമ റിപോര്‍ട്ട് സമര്‍പ്പിച്ച ശേഷം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍, ബാര്‍ ഉടമ ബിജു രമേശ് എന്നിവരടക്കം 10 പേര്‍ നല്‍കിയ തുടരന്വേഷണ ഹരജികളിന്‍മേല്‍ കോടതിയില്‍ വാദം പൂര്‍ത്തിയായി.

ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയുള്ള വിജിലന്‍സിന്റെ അന്തിമ റിപോര്‍ട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു ഇവരുടെ ആവശ്യം. ധനമന്ത്രി കെ എം മാണി ബാര്‍ ഉടമകളില്‍ നിന്നു കോഴ വാങ്ങിയതിന് തെളിവില്ലെന്നും അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നുമായിരുന്നു വിജിലന്‍സ് സമര്‍പ്പിച്ച റിപോര്‍ട്ട്. അന്തിമ റിപോര്‍ട്ട് കണക്കിലെടുത്ത് കോടതി തുടര്‍നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹരജിയും കോടതിയുടെ പരിഗണനയ്‌ക്കെത്തിയിരുന്നു.

കേസില്‍ മാണിയെ അനുകൂലിച്ച് ഹൈക്കോടതിയില്‍ നിന്നുള്ള അഭിഭാഷകനായ ശ്രീകുമാര്‍ വീണ്ടുമെത്തിയത് കോടതിയില്‍ നാടകീയ രംഗങ്ങള്‍ക്കിടയാക്കി. തുടരന്വേഷണ ഹരജികള്‍ പരിഗണിക്കുന്നതിനിടെ മാണിയെ അനുകൂലിച്ച് സ്വകാര്യ അഭിഭാഷകനെത്തിയത് കടന്നുകയറ്റമാണെന്ന് ബിജു രമേശിന്റെ അഭിഭാഷകനായ കെ പി ഉദയഭാനു കുറ്റപ്പെടുത്തി. വാക്കുകള്‍ സൂക്ഷിച്ചു പ്രയോഗിക്കണമെന്നായിരുന്നു ശ്രീകുമാറിന്റെ മറുപടി. അതേസമയം, കേസില്‍ അന്തിമ റിപോര്‍ട്ട് അന്വേഷണ റിപോര്‍ട്ടായി പരിഗണിക്കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
Next Story

RELATED STORIES

Share it