Districts

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്താമെന്ന് ഹൈക്കോടതി

കൊച്ചി: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്താമെന്ന് ഹൈക്കോടതി. കേസില്‍ ആരോപണവിധേയന്‍ മന്ത്രിപദത്തിലിരിക്കെ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് നടത്തുന്ന അന്വേഷണം സത്യസന്ധമായിരിക്കില്ലെന്ന് സാധാരണക്കാര്‍ക്കു തോന്നിയാല്‍ കുറ്റം പറയാനാവില്ലെന്നും ഹൈക്കോടതി.
ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്താനുള്ള തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവും വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ പരാമര്‍ശങ്ങളും നീക്കണമെന്നു ആവശ്യപ്പെട്ട് വിജിലന്‍സ് എഡിജിപി നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ബാര്‍ കോഴ സംബന്ധിച്ച വിജിലന്‍സ് കോടതി ഉത്തരവ് ജസ്റ്റിസ് ബി കമാല്‍പാഷ ശരിവച്ചു.
വസ്തുതാന്വേഷണ റിപോര്‍ട്ട് പരിശോധിച്ച് സമയബന്ധിതമായ നിര്‍ദേശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനു നല്‍കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമുണ്ടെന്നും ഇതിനെതിരായ വിജിലന്‍സ് കോടതി പരാമര്‍ശം നീക്കം ചെയ്യുന്നതായും കോടതി വ്യക്തമാക്കി. എന്നാല്‍, കേസിന്റെ അന്വേഷണഘട്ടത്തില്‍ ഇടപെടാനും നിര്‍ദേശങ്ങള്‍ നല്‍കാനും ഡയറക്ടര്‍ക്ക് അധികാരമുണ്ടെങ്കിലും അന്വേഷണം പൂര്‍ത്തിയായ ശേഷം ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി.
മന്ത്രി കെ എം മാണിക്കെതിരായ ക്രിമിനല്‍ നടപടിക്രമത്തിലെ അധികാരം ഉപയോഗിച്ച് ബാര്‍ കോഴക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ റിപോര്‍ട്ടിന്മേല്‍ ഡയറക്ടര്‍ തുടരന്വേഷണത്തിനു നിര്‍ദേശിക്കുകയായിരുന്നു വേണ്ടതെന്നും അതിനു മുതിരാത്ത സാഹചര്യത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതിയുടെ നടപടി നിയമാനുസൃതമാണെന്നും കോടതി വിലയിരുത്തി. കേസിന്റെ വസ്തുതകളിലേക്കു കടന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സമാഹരിച്ച തെളിവുകള്‍ വിലയിരുത്തിയ വിജിലന്‍സ് കോടതിയുടെ നടപടി ഒഴിവാക്കപ്പെടേണ്ടതായിരുന്നു. കോഴ ആവശ്യപ്പെട്ടതും സ്വീകരിച്ചതും സംബന്ധിച്ച് വിജിലന്‍സ് കോടതി നടത്തിയ നിരീക്ഷണങ്ങള്‍ കണ്ടെത്തലുകളായി കണക്കാക്കേണ്ടതില്ലെന്നും ഇതു പ്രതിക്കെതിരായ അന്വേഷണത്തെയും വിചാരണയെയും ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
അന്വേഷണ ഉദ്യോഗസ്ഥന്റെ വസ്തുതാ റിപോര്‍ട്ടും ഡയറക്ടറുടെ സൂക്ഷ്മപരിശോധനാ റിപോര്‍ട്ടും കേസ് ഡയറിയുടെ ഭാഗമല്ലെന്ന വിജിലന്‍സിന്റെ വാദം കോടതി തള്ളി. കേസുകളുടെ അന്വേഷണഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിക്കുന്ന വസ്തുതാന്വേഷണ റിപോര്‍ട്ട് അന്തിമ റിപോര്‍ട്ടായി കണക്കാക്കാനാവില്ല. അന്വേഷണ ഉദ്യോഗസ്ഥന്റെ അന്തിമ റിപോര്‍ട്ട് പരിശോധിക്കാതെയാണ് സുപ്രിംകോടതി അഭിഭാഷകരുടെ നിയമോപദേശപ്രകാരമുള്ള സൂക്ഷ്മ പരിശോധനാ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് എഴുതിത്തള്ളാന്‍ ആവശ്യപ്പെട്ടത്. സാക്ഷിമൊഴികള്‍ പരിശോധിക്കാതെയായിരുന്നു വിജിലന്‍സ് ഡയറക്ടറുടെ നടപടി.
സൂക്ഷ്മ പരിശോധനാ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുന്നതിനു പകരം തന്റെ അധികാരം ഉപയോഗിച്ച് തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു ഡയറക്ടര്‍ ചെയ്യേണ്ടത്. അതിനാല്‍, അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തലുകളില്‍ തിരുത്തല്‍ വരുത്താന്‍ ഡയറക്ടര്‍ ശ്രമിച്ചുവെന്ന വാദത്തില്‍ കഴമ്പുണ്ടെന്നും കോടതി വിലയിരുത്തി.
എന്നാല്‍, വിജിലന്‍സ് കോടതി നടപടി തെറ്റാണെന്നു വിജിലന്‍സിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു.
Next Story

RELATED STORIES

Share it