ബാര്‍ കോഴക്കേസിനിടെ ഉപലോകായുക്തയുടെ വിവാദ പരാമര്‍ശം; 'രേഖകള്‍ തരാതിരിക്കാന്‍ താന്‍ പട്ടികജാതിക്കാരനാണോ'

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് പരിഗണിക്കുന്നതിനിടെ ലോകായുക്തയും ഉപലോകായുക്തയും തമ്മില്‍ ഭിന്നത. തര്‍ക്കങ്ങള്‍ക്കിടെ ഉപലോകായുക്ത ജസ്റ്റിസ് കെ പി ബാലചന്ദ്രന്‍ നടത്തിയ പരാമര്‍ശവും വിവാദമായി. മന്ത്രിമാരായ കെ എം മാണിക്കെതിരെയും കെ ബാബുവിനെതിരെയുമുള്ള രണ്ട് കേസുകളാണു ലോകായുക്ത ഇന്നലെ പരിഗണിച്ചത്. ധനമന്ത്രി കെ എം മാണിക്കെതിരായ കേസ് പരിഗണിച്ചപ്പോഴാണ് ഉപലോകായുക്ത ജസ്റ്റിസ് കെ പി ബാലചന്ദ്രന്‍ വിവാദ പരാമര്‍ശം നടത്തിയത്.

ഈ കേസുമായി ബന്ധപ്പെട്ട നാല് സെറ്റ് രേഖകള്‍ ഉദ്യോഗസ്ഥര്‍ തനിക്കുകൂടി നല്‍കാതെ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസിന് മാത്രം നല്‍കിയതാണു പ്രകോപനത്തിനു കാരണം. രേഖകള്‍ തരാതിരിക്കാന്‍ താനെന്താ എസ്‌സി ആണോയെന്നു ചോദിച്ച ബാലചന്ദ്രന്‍, ഫയല്‍ കിട്ടാത്തതിനാല്‍ തുടര്‍നടപടികള്‍ എടുക്കാന്‍ തനിക്കിപ്പോള്‍ കഴിയില്ലെന്നും പറഞ്ഞു. ബാറുടമ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിക്കെതിരേ സമന്‍സ് അയക്കാമെന്ന ലോകായുക്തയുടെ നിലപാടിനെതിരെയും ഉപലോകായുക്ത രംഗത്തുവന്നു.

തെളിവില്ലാത്തതിനാല്‍ സമന്‍സ് അയക്കേണ്ടതില്ലെന്നായിരുന്നു ജസ്റ്റിസ് ബാലചന്ദ്രന്റെ നിലപാട്. പ്രാഥമിക ഘട്ടമായതിനാന്‍ അമ്പിളിക്ക് സമന്‍സ് അയച്ച് മൊഴിയെടുക്കാമെന്ന ജസ്റ്റിസ് പയസ് കുര്യാക്കോസിന്റെ നിലപാട് തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ഉപലോകായുക്ത അംഗീകരിച്ചത്. അതേസമയം, കെ ബാബുവിനെതിരായ കേസിലെ എല്ലാ രേഖകളും വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. എന്നാല്‍, തുറന്ന കോടതിയില്‍ ഇവ പരിശോധിക്കാന്‍ ലോകായുക്ത തയ്യാറായില്ല. രഹസ്യസ്വഭാവമുള്ളതിനാല്‍ പിന്നീട് ചേംബറില്‍ പരിശോധിക്കും. ഹരജിക്കാരനായ ഖാലിദ് മുണ്ടപ്പള്ളിക്കുവേണ്ടി ഹാജരായ എഎപി നേതാവ് കൂടിയായ അജിത് ജോയി വിജിലന്‍സ് അന്വേഷണ റിപോര്‍ട്ടിന്റെ പകര്‍പ്പ് കോടതിയോട് ആവശ്യപ്പെട്ടു. പട്ടികജാതിക്കാരെ അപമാനിച്ച ഉപലോകായുക്തയ്‌ക്കെതിരേ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it