Editorial

ബാര്‍ കോഴക്കാലത്തെ രാഷ്ട്രീയ പ്രണയങ്ങള്‍

മന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത് കേരള രാഷ്ട്രീയത്തില്‍ ചൂടും പുകയും സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വാതിലില്‍ വന്നു മുട്ടുമ്പോള്‍ യുഡിഎഫിന് ഈ വിധി ഒരു വലിയ അടിയാണ്. ഇടതുമുന്നണിക്കാവട്ടെ വീണുകിട്ടിയ സൗഭാഗ്യവും. എന്നാല്‍, അതിനപ്പുറത്തേക്ക് ബാര്‍ കോഴക്കേസ് നമ്മുടെ പൊതുജീവിതത്തില്‍ വല്ല ചലനവും സൃഷ്ടിക്കുമോ എന്നാലോചിക്കുമ്പോഴാണ് ഈ കേസും അതിന്റെ അന്വേഷണവുമെല്ലാം 'മദ്യചഷകത്തിലെ കൊടുങ്കാറ്റ്' മാത്രമായി അസ്തമിച്ചുപോവും എന്നു മനസ്സിലാവുക. മന്ത്രി മാണി രാജിവയ്ക്കുമെന്നു കരുതാന്‍ യാതൊരു ന്യായവുമില്ല. രാജിവയ്പിക്കാന്‍ മുഖ്യമന്ത്രിയോ യുഡിഎഫോ സമ്മര്‍ദ്ദം ചെലുത്തുമെന്നും കരുതാനാവില്ല. അത്രമാത്രം തന്‍കാര്യപ്രമത്തമായിക്കഴിഞ്ഞിരിക്കുന്നു നമ്മുടെ രാഷ്ട്രീയ സദാചാരം.
ഇടതുമുന്നണിക്ക് ബാര്‍ കോഴക്കേസിന്റെ തുടരന്വേഷണത്തില്‍ എത്രമാത്രം താല്‍പര്യമുണ്ട്? ബാര്‍ കോഴ എന്നല്ല, ബജറ്റ് കോഴ എന്നാണ് ഈ സംഭവത്തെ വിശേഷിപ്പിക്കേണ്ടത്. ചില മേഖലകളില്‍ ബജറ്റ് വന്‍ നികുതിവര്‍ധന പ്രഖ്യാപിക്കുന്നു. ബന്ധപ്പെട്ട വിഭാഗങ്ങളില്‍നിന്നു കോഴ വാങ്ങി നികുതി കുറച്ചുകൊടുക്കുന്നു. ഇതാണ് കോഴ വാങ്ങലിന്റെ പ്രവര്‍ത്തനരീതി. ബാര്‍ കോഴക്കേസിലും സംഭവിച്ചത് ഇതാണ്. ഈ കോഴക്കാലത്ത് തന്നെയായിരുന്നു കെ എം മാണിയോടുള്ള സിപിഎമ്മിന്റെ പ്രണയം. മാണിയെ യുഡിഎഫില്‍നിന്ന് അടര്‍ത്തിയെടുത്ത് ഒപ്പംകൂട്ടി ഭരണം പിടിക്കാമെന്ന് സിപിഎം കരുതിയിരുന്നു. അങ്ങനെയാണ് അധ്വാനവര്‍ഗത്തിന്റെ പ്രതിനിധിയെന്നൊക്കെ പറഞ്ഞ് അദ്ദേഹത്തെ സിപിഎം പാര്‍ട്ടി സമ്മേളനങ്ങളിലേക്ക് പലതവണ ക്ഷണിച്ചുവരുത്തിയത്. പക്ഷേ, കാര്യങ്ങള്‍ തകിടംമറിഞ്ഞപ്പോള്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും മാണിക്കെതിരായി നിലപാടെടുക്കേണ്ടിവരുകയാണുണ്ടായത്. അതിനാല്‍ തന്നെ തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാം എന്നതിലപ്പുറം ബാര്‍ കോഴക്കേസിന് ഇടതുമുന്നണി വലിയ പ്രാധാന്യം നല്‍കുമെന്നു കരുതാനാവില്ല.
എന്നാല്‍, പൊതുസമൂഹം വിലയിരുത്തേണ്ട ചില ഘടകങ്ങള്‍ വിജിലന്‍സ് കോടതി വിധിയില്‍ അടങ്ങിയിട്ടുണ്ട്. അഴിമതി പൊതുസമൂഹത്തെ അടിമുടി ബാധിച്ചിട്ടുണ്ടെന്നും അതില്‍ നമ്മുടെ വ്യവസ്ഥാപിത രാഷ്ട്രീയത്തിന് വേവലാതിയൊന്നുമില്ലെന്നുമുള്ളതാണ് ആദ്യപാഠം. അഴിമതിയുടെയും കോഴയുടെയും മറ്റും പേരില്‍ താഴെക്കിടയിലുള്ള ഉദ്യോഗസ്ഥര്‍ ചിലപ്പോള്‍ ശിക്ഷിക്കപ്പെടാറുണ്ട് എന്നതിലപ്പുറം ഇവിടെ യാതൊന്നും സംഭവിക്കാറില്ല. ഏതു രാഷ്ട്രീയനേതാവാണ് കേരളത്തില്‍ അഴിമതിയുടെ പേരില്‍ പൊതുജീവിതത്തില്‍നിന്നു മാറിനില്‍ക്കേണ്ടിവന്നത്? ബാര്‍ കോഴക്കേസ് നമ്മെ ബോധ്യപ്പെടുത്തുന്നതും മറ്റൊന്നല്ല. രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കനുസരിച്ച് അഴിമതിക്കാര്‍ പുണ്യവാളന്മാരായിമാറും. ഒരുകാലത്ത് അഴിമതിയുടെ പേരില്‍ വി എസ് അച്യുതാനന്ദന്‍ കേസ് നടത്തി ജയിലിലടച്ച ആര്‍ ബാലകൃഷ്ണപ്പിള്ള ഇപ്പോള്‍ ഇടതുപാളയത്തിലാണ്. രാഷ്ട്രീയക്കാരുടെ ഇത്തരം പ്രണയലീലകള്‍ തുടരുന്നേടത്തോളം കാലം ബാര്‍ കോഴയും മാണിക്കേസുമെല്ലാം പുതിയ വിഷയം കിട്ടുന്നതുവരേക്കുള്ള 'കറുമുറു വസ്തുക്കള്‍' മാത്രം.
Next Story

RELATED STORIES

Share it