Districts

ബാര്‍ കേസ്: സര്‍ക്കാര്‍ അപ്പീലിന് പോയാല്‍ ഇടത് മുന്നണിയും കക്ഷി ചേരും: കോടിയേരി

പത്തനംതിട്ട: ബാര്‍കോഴ കേസില്‍ സര്‍ക്കാര്‍ അപ്പീലിന് പോയാല്‍ ഇടത് മുന്നണി നേതാക്കളും കേസില്‍ കക്ഷി ചേരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ തദ്ദേശം 15ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാര്‍കോഴ കേസില്‍ കെ എം മാണിക്ക് എതിരായ കോടതി വിധി അടക്കമുള്ള കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പ്രതിപക്ഷം ഗവര്‍ണറെ കാണും. തിരഞ്ഞെടുപ്പ് തിരക്കിന് ശേഷം കക്ഷിനേതാക്കള്‍ കൂടിയാലോചിച്ച് തിയ്യതി നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാണിയെ പുറത്താക്കണം എന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പിന് ശേഷം ഇടത് മുന്നണി പ്രക്ഷോഭം നടത്തും. വിഷയത്തില്‍ നൂറ്റിയൊന്ന് തവണ അന്വേഷണം നടത്താം എന്ന് മാണി പറയുന്നതില്‍ കാര്യമില്ല. മന്ത്രി സ്ഥാനത്ത്‌നിന്ന് ഒഴിഞ്ഞ് അന്വേഷണത്തെ നേരിടാനാവുമോയെന്ന് അദ്ദേഹത്തെ വെല്ലുവിളിക്കുകയാണ്. മേല്‍നോട്ടം വഹിക്കാന്‍ ഹൈക്കോടതി നിര്‍ദേശിക്കുമ്പോള്‍ വിന്‍സെന്റ് പോള്‍ ഇങ്ങനെയൊരു മേല്‍നോട്ടമാണ് വഹിക്കുകയെന്ന് അറിഞ്ഞില്ലന്ന് അദ്ദേഹം പരിഹസിച്ചു. സമ്മര്‍ദ്ദത്തിന് വിധേയമായി തെറ്റായി പ്രവര്‍ത്തിച്ചു എന്നാണ് മനസ്സിലാക്കേണ്ടത്.
ജേക്കബ് തോമസ് ബാര്‍കോഴ കേസ് അന്വേഷണത്തില്‍ ഉണ്ടെന്ന് നിയമസഭയില്‍ ആഭ്യന്തര മന്ത്രി തന്നെ അറിയിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫില്‍ മാറ്റം ഉണ്ടാവും. ഈ രൂപത്തിലുള്ള ഐക്യമുന്നണിയാവില്ല നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ആ പാര്‍ട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും കൊടിയേരി പറഞ്ഞു.
Next Story

RELATED STORIES

Share it