Districts

ബാര്‍കോഴ : സര്‍ക്കാരിന് തിരിച്ചടിയല്ല; കോടതിയുടേത് സ്വാഭാവിക നടപടി മാത്രമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്ക് പൂര്‍ണ പിന്തുണയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. കേസില്‍ വിജിലന്‍സ് കോടതിയുടെ തുടരന്വേഷണ ഉത്തരവ് സര്‍ക്കാരിന് തിരിച്ചടിയല്ലെന്നും കോടതിയുടേത് സ്വാഭാവിക നടപടി മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബാര്‍ കോഴക്കേസ് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാമോലിന്‍ കേസില്‍ തനിക്കെതിരേയുണ്ടായ വിജിലന്‍സ് കോടതിയുടെ തുടരന്വേഷണ ഉത്തരവിന് സമാനമായ വിധിയാണ് മാണിക്കെതിരായ ബാര്‍ കോഴക്കേസിലുമുണ്ടായിരിക്കുന്നത്. അവസാനം ആ കേസിലെന്താണുണ്ടായതെന്ന് എല്ലാവര്‍ക്കുമറിയാം. അന്ന് താന്‍ രാജിവച്ചിരുന്നുവെങ്കില്‍ എന്താവുമായിരുന്നു. അതിനാല്‍, തുടരന്വേഷണത്തിന്റെ പേരില്‍ മാണി രാജിവയ്‌ക്കേണ്ടതില്ല. പാമോലിന്‍ കേസില്‍ തന്റെ മാതൃക അതാണ്. നീതിപൂര്‍വമായി മാത്രമേ തനിക്ക് മന്ത്രി സ്ഥാനത്തു നിന്ന് മാറിനില്‍ക്കാന്‍ പറയാന്‍ കഴിയുകയുള്ളൂ. നിരവധി കേസുകളില്‍ തുടരന്വേഷണമുണ്ടായിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള അന്വേഷണ ഏജന്‍സിയായ സിബിഐ സമര്‍പ്പിച്ച അന്വേഷണ റിപോര്‍ട്ടുകളില്‍പോലും തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടിട്ടുണ്ട്.
അന്വേഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അന്തിമറിപോര്‍ട്ട് സമര്‍പ്പിക്കുകയെന്നത് നടപടിക്രമങ്ങളുടെ ഒരു ഘട്ടംമാത്രമാണ്. ഇവിടെ ജഡ്ജി റിപോര്‍ട്ട് പരിശോധിച്ച് ചില കാര്യങ്ങള്‍ വീണ്ടും പരിശോധിക്കേണ്ടതുണ്ടെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. അക്കാര്യങ്ങളെല്ലാം വീണ്ടും അന്വേഷിക്കട്ടെ. അതേ അന്വേഷണസംഘം തന്നെ അന്വേഷിച്ച് അതേ കോടതിയില്‍ തന്നെ അന്വേഷണ റിപോര്‍ട്ടും സമര്‍പ്പിക്കും. സാധാരണ ഇത്തരം ഉത്തരവുകളില്‍ അപ്പീല്‍ പോവുന്ന രീതിയില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ മുഴുവന്‍ പരിശോധനയും കഴിഞ്ഞാണ് റിപോര്‍ട്ട് സമര്‍പ്പിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it